തിരുവനന്തപുരം: മെറ്റല്‍ കൂനയില്‍ ബൈക്കിടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി അമല്‍ ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. തിരുവനന്തപുരം പേയാട് ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം സംഭവിച്ചത്.
റോഡ് പണിക്കായി കൂട്ടിയിട്ടിരുന്ന മെറ്റല്‍ കൂനയില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രദ്ധേയനായ ആര്‍കിടെക്ടായിരുന്നു അമല്‍.
ബഹ്റൈനിലും ഖത്തറിലും ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലാണു കൂടുതല്‍ പ്രോജക്ടുകള്‍ ചെയ്തിട്ടുള്ളത്. ലോക്ഡൗണിനെ തുടര്‍ന്നാണു നാട്ടിലെത്തിയത്. ദ് പ്രീമിയര്‍ പത്മിനി എന്ന വെബ് സീരീസിന്റെ തിരക്കഥയില്‍ പങ്കാളിയായിരുന്നു. ചില ഹ്രസ്വചിത്രങ്ങള്‍ക്കു വേണ്ടിയും തിരക്കഥ എഴുതിയിട്ടുണ്ട്.