കൊച്ചി: ഓണം ബംപറിന്റെ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ നിറഞ്ഞിരുന്നു. ഒടുവില്‍ കേരള ലോട്ടറിയുടെ ഓണം ബമ്പര്‍ സമ്മാനമായ പന്ത്രണ്ടു കോടിയുടെ യഥാര്‍ത്ഥ അവകാശി എത്തിയിരിക്കുകയാണ്. എറണാകുളം മരടിലെ ഓട്ടോ ഡ്രൈവറായ ജയപാലനാണ് 12 കോടി നേടിയത്.
സമ്മാനാര്‍ഹമായ ടി.ഇ 645465- ാം നമ്പര്‍ ടിക്കറ്റ് കാനറ ബാങ്കിന്റെ മരട് ശാഖയില്‍ ഏല്‍പ്പിച്ചു. മരട് ഭഗവതി ക്ഷേത്രത്തിന് സമീപം പനോരമ ലെയ് നില് പൂപ്പാനപ്പറമ്പില് ജയപാലന് (58) നറുക്കെടുപ്പ് നടന്ന ഞായറാഴ്ച വൈകിട്ട് ടി.വി വാര്‍ത്തയില്‍ നിന്ന് തന്റെ കൈവശമുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് തിരിച്ചറിഞ്ഞിരുന്നു.
95 വയസുള്ള അമ്മയോട് ലോട്ടറി അടിച്ചെന്നാ തോന്നുന്നേ…എന്നുമാത്രം പറഞ്ഞു. ചോറ്റാനിക്കര പടിയാര്‍ ഹോമിയോ കോളേജില്‍ സ്വീപ്പറായ ഭാര്യ മണി നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. മരട് ന്യൂക്ളിയസ് മാളില്‍ ഇലക്ട്രീഷ്യനായ മൂത്ത മകന് വൈശാഖിനും നൈറ്റ് ഡ്യൂട്ടി ആയിരുന്നു.
ബി.എച്ച്.എം.എസ് ഹൗസ് സര്‍ജന്‍സി ചെയ്യുന്ന ഇളയമകന് കോഴിക്കോട്ടായിരുന്നു.ഉറങ്ങാന്‍ കഴിയാതെ നേരം വെളുപ്പിക്കുകയായിരുന്നു.ഭാര്യയും മകനും രാവിലെ എത്തിയശേഷം വിവരം പറഞ്ഞു. ആലപ്പുഴയില്‍ നിന്ന് മകന്റെ ഭാര്യ കാര്‍ത്തികയുടെ പിതാവ് ശശിധരനെ വിളിച്ചുവരുത്തി വൈശാഖിനെയും കൂട്ടി ബാങ്കിലെത്തി ടിക്കറ്റ് കൈമാറി.
ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകനായ ജയപാലന് ചെറിയൊരു ചായ്പിലാണ് കുടുംബസമേതം കഴിഞ്ഞിരുന്നത്.രണ്ടുസെന്റ് സ്ഥലംകൂടി വാങ്ങിയാണ് ലോണെടുത്ത് ചെറിയൊരു ഇരുനില വീടുവച്ചത്.കടംവാങ്ങിയെങ്കിലും മകന് വിഷ്ണുവിനെ ഹോമിയോ എം.ഡിക്കു പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കേയാണ് ഭാഗ്യദേവത കനിഞ്ഞത്.