തൃശൂര്‍ : ഒന്നിക്കാന്‍ കന്നിമാസം വരെ കാത്തിരുന്ന ആക്സിഡിനും ജാന്‍വിക്കും ഇന്ന് വിവാഹം. വളര്ത്തുനായക്കളായ ആക്സിഡിന്റെയും ജാന്‍വിയുടെയും വിവാഹം സോഷ്യല്‍മീഡിയയില്‍ അടക്കം ശ്രദ്ധ നേടുകയാണ്. വാടാനപ്പിള്ളി സ്വദേശികളായ ഷെല്ലിയുടെയും മക്കളുടെയും വീട്ടിലെ നായയാണ് ആക്സിഡ്.
ബീഗിള്‍ ഇനത്തില്‍ പെട്ട ആക്സിഡ് പുരനിറഞ്ഞതോടെയാണ് വീട്ടുകാര്‍ ഒരു തുണവേണ്ടെ എന്ന കാര്യം ചിന്തിച്ചത്. ആയതിനാല്‍ അറേഞ്ച്ഡ് മാര്യേജിനായി നിരവധി ആലോചനകള്‍ നടത്തിയെങ്കിലും ആക്സിഡിന് പറ്റിയ തുണ പുന്നയൂര്ക്കുളത്തുനിന്നാണ് കണ്ടെത്തിയത്.
അതും ബീഗിള്‍ ഇനത്തില്‍പ്പെട്ട സുന്ദരി ജാന്‍വിയെ. ഇന്ന് രാവിലെ 11 നും 12 നുമിടയ്ക്ക് പുന്നയൂര്‍ക്കുളത്തെ കുന്നത്തൂര്‍മന ഹെറിറ്റേജിലാണ് ഇവരുടെ വിവാഹം. നായകളുടെ വിവാഹത്തോട് അനുബന്ധിച്ച് പ്രീ വെഡിംഗ് ഫോട്ടോ ഷൂട്ട്, സേവ് ദ ഡേറ്റ് എന്നിങ്ങനെയുള്ള ന്യൂജന്‍ ചടങ്ങുകള്‍ എല്ലാം ഉണ്ടായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അമ്പതോളം പേര് ആക്സിഡിന്റെയും ജാന്‍വിയുടെയും വിവാഹത്തില്‍ പങ്കെടുക്കും. ആക്സിഡിന്റെ വീടായ വാടനപ്പിള്ളിയിലേക്ക് ജാന്‍വി ഇന്ന് വലത് കാല് വച്ച് കയറും.