ചിറയിന്‍കീഴ്: കിണറ്റില്‍ ചാടി ജീവനൊടുക്കിയ ബേക്കറി വ്യാപാരിയുടെ മൃതദേഹം സംസ്കരിച്ചു. അഞ്ചുതെങ്ങ് വിളബ്ഭാഗത്തു പന്തിയില്‍ വീട്ടില്‍ ഉണ്ണി എന്ന ബിജു(52) ആണ് മരിച്ചത്. കടക്കെണിയിലായതിനെ തുടര്‍ന്ന് ബിജു ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രവാസിയായിരുന്ന ബിജു നാലുവര്‍ഷങ്ങള്‍ക്കു മുന്‍പാണ് നാട്ടിലെത്തി വര്‍ക്കലയ്ക്കടുത്തു ബേക്കറി തുടങ്ങിയത്. കോവിഡ് മൂലം കടയുടെ പ്രവര്‍ത്തനം സ്തംഭിച്ചതോടെ ബിജു കടക്കെണിയിലാവുകയായിരുന്നുവെന്നും ഇതില്‍ മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
വ്യാഴാഴ്ച വൈകിട്ടു നാലരയോടെയാണു സംഭവം നടന്നത്. അന്നും കടയില്‍ പോയി നേരത്തെ മടങ്ങി വീട്ടിലെത്തിയ ബിജു ഏറെ നേരം കിണറിന്റെ ചുറ്റുവരമ്പില്‍ ഇരുന്നശേഷം ചാടുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറയുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ്, അഞ്ചുതെങ്ങ് പൊലീസ് എന്നിവര്‍ ആദ്യം എത്തി..
എന്നാല്‍ ഏറെ പഴക്കവും 100 അടിയിലേറെ താഴ്ചയുമുള്ള കിണറിനകത്തിറങ്ങിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ക്കു ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു രക്ഷാപ്രവര്‍ത്തനം നിര്‍ത്തേണ്ടി വന്നു. തുടര്‍ന്നു തിരുവനന്തപുരത്തുനിന്നു സ്കൂബ ടീം അംഗങ്ങളെത്തി മൃതദേഹം പുറത്തെടുത്തപ്പോള്‍ ഉടലില്‍ നിന്നു തല വേര്‍പെട്ട നിലയിലായിരുന്നു.
രണ്ടാമതു നടത്തിയ തിരച്ചിലില്‍ ശിരസ്സ് കിണറിനുള്ളില്‍ നിന്നു കണ്ടെത്തി . ഇടുങ്ങിയ പടികളില്‍ തട്ടി തലവേര്‍പെട്ടതാണെന്നാണു പൊലീസ് നിഗമനം. മോട്ടര്‍ ഉപയോഗിച്ചു വെള്ളം നീക്കം ചെയ്യാന്‍ ഫയര്‍ഫോഴ്സ് നടത്തിയ ശ്രമം ശക്തമായ ജലപ്രവാഹം മൂലം ഫലപ്രദമായില്ല. തുടര്‍ന്നാണ് മുങ്ങല്‍ വിദഗ്ധരെ വിളിച്ചത്. ഭാര്യ യമുന. മക്കളില്ല.