പുറത്തൂർ: മലപ്പുറം കൂട്ടായിയിൽ സുൽത്താൻ ബീച്ചിൽ ചായക്കടയിൽ തീപ്പിടിത്തം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കട പൂർണമായും കത്തിനശിച്ചു. ഓലമേഞ്ഞ ചായക്കടയാണ് നശിച്ചത്. ഹസ്സനാരുപുരയ്ക്കൽ കുന്നത്ത് ഹസൈനാരുടെ കടയാണിത്.
ഞായറാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെ തീപ്പിടിത്തമുണ്ടായത്. ഗ്യാസിൽനിന്ന് തീപടരുന്നതുകണ്ട് കടയിലുണ്ടായിരുന്ന രണ്ടുപേർ പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല.
കടയ്ക്കകത്തുണ്ടായിരുന്ന രണ്ടു ഗ്യാസ് സിലിൻഡറുകളും കത്തിയിരുന്നു. ഓടിക്കൂടിയ നാട്ടുകാരും മത്സ്യത്തൊഴിലാളികളും തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് തിരൂരിൽനിന്ന് രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സിപി കുഞ്ഞുട്ടി, സെക്രട്ടറി ഗോപീകൃഷ്ണൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.