മലപ്പുറം: മലപ്പുറത്തെ മുസ്ലിം ലീഗ് ഓഫീസിലെത്തി ഹരിതയുടെ പുതിയ സംസ്ഥാന ഭാരവാഹികൾ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഉന്നതാധികാര സമിതിയംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംഎൽഎ, പിഎംഎ സലാം എന്നിവരെയാണ് കണ്ടത്.
പ്രവർത്തന പരിചയമുള്ള ആളുകൾ തന്നെയാണ് പുതിയ കമ്മിറ്റിയിലുള്ളത്. പാർട്ടി അച്ചടക്കംപാലിച്ച് പ്രവർത്തിക്കും. എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകും. വിവാദങ്ങളെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും ആയിഷ കൂട്ടിച്ചേർത്തു.
ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അടഞ്ഞ അധ്യായമാണെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ലീഗ് നേതൃത്വം പ്രശ്നം പരിഹരിക്കാനായി പരമാവധി ശ്രമിച്ചു. എന്നാൽ ഒരു സംഘം മനഃപൂർവം വിവാദം ഉണ്ടാക്കി. വിവാദം സൃഷ്ടിക്കാൻ ശ്രമിച്ചവർ ലീഗിനകത്തുള്ളവരാണെങ്കിൽ തെളിവുകൾ ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ ജില്ലാ കമ്മിറ്റികളുമായി ചർച്ച നടത്തിയാണ് ഹരിതയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും പിഎംഎ സലാം പറഞ്ഞു.