തൃശ്ശൂര്‍: തീവണ്ടിയില്‍ ലഗേജ് ചാര്‍ജും ബില്ലില്ലാത്തതിന് പിഴയും ഈടാക്കുകയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്തിക്കുന്ന വസ്തുക്കള്‍ക്ക.് ഇതിനാല്‍ മറ്റു സംസ്ഥാനക്കാര്‍ സാധനങ്ങള്‍ കേരളത്തിലേക്ക് അയയ്ക്കുന്നതില്‍ നിന്ന് പിന്മാറുകയാണ്. ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സന്നദ്ധസംഘടനകളും സുമനസ്സുകളും അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തീവണ്ടിയില്‍ കേരളത്തിലേക്ക് അയക്കുന്നുണ്ട്. വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സൗജന്യമായി സംഭരിച്ച വസ്തുക്കളാണ് ഇവയിലേറെയും. അതിനാല്‍ ഇതിന് ബില്ലോ മറ്റു രേഖകളോ ഉണ്ടാകാറില്ല. റെയില്‍വേ വന്‍ പിഴയാണ് ഇങ്ങനെ വരുന്ന ഇനങ്ങള്ക്ക്് ഈടാക്കുന്നത്.
തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് അരി കള്ളക്കടത്ത് വ്യാപകമായിരുന്ന സമയത്ത് റെയില്‍വേ സ്വീകരിച്ച നയമാണ് തമിഴ്നാട് വഴി വരുന്ന തീവണ്ടികളില്‍ അരി കൊണ്ടുപോകാന്‍ അനുവദിക്കാതിരുന്നത്. ഇത് തുടരുന്നതിനാല്‍ അരി കയറ്റില്ലെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. 25 കിലോഗ്രാമിന് 80 രൂപയാണ് ഭക്ഷ്യവസ്തുക്കള്‍ക്ക് ലഗേജ് ചാര്‍ജായി ഈടാക്കുന്നത്. നിയമം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ലഗേജ് ചാര്‍ജ് ഇളവു ചെയ്യണമെങ്കില്‍ പ്രത്യേക ഉത്തരവുകിട്ടണമെന്നും റെയില്‍വേ അധികൃതര്‍ പറയുന്നു. കേരള സര്‍ക്കാര്‍ നല്കുന്ന അപേക്ഷ പരിഗണിച്ചാണ് റെയില്‍വേ മന്ത്രാലയം ഉത്തരവിറക്കുക.