മലപ്പുറം: കടബാധ്യത തീര്‍ക്കാന്‍ ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത അധ്യാപകന് അറസ്റ്റില്‍. മലപ്പുറം ജില്ലയിലാണ് സംഭവം. മുട്ടത്ത് ആയിഷ കൊലപാതക കേസിലാണ് നിര്‍ണായക അറസ്റ്റുണ്ടായിരിക്കുന്നത്.
ലക്ഷങ്ങള്‍ കടബാധ്യതയുള്ള മമ്പാട് സ്വദേശി നിഷാദലിയാണ് ഭാര്യയുടെ മുത്തശ്ശിയെ കൊലപ്പെടുത്തി സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തത്. രണ്ടു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ നിഷാദലിയുടെ പങ്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
ജൂലൈ 16നാണ് പ്രതി വയോധികയെ കൊലപ്പെടുത്തി ധരിച്ചിരുന്ന ആഭരണങ്ങള്‍ തട്ടിയെടുക്കുന്നത്. ഭാര്യയുടെ മുത്തശ്ശിയുടെ മരണ വാര്‍ത്ത ഇയാളെ ബന്ധുക്കള്‍ അറിയിച്ചിരുന്നു. യാതൊരു ഭാവ വ്യത്യാസവുമില്ലാതെ സംസ്കാര ചടങ്ങുകളില്‍ ഇയാള്‍ പങ്കെടുത്തു.
ഖബറടക്കത്തിന് ശേഷവും സംശയാസ്പദമായ സ്വഭാവ വ്യത്യാസങ്ങളൊന്നും നിഷാദലി പ്രകടിപ്പിച്ചിരുന്നില്ല. മണി ചെയിന്‍ ഇടപാടുകളിലൂടെ ലക്ഷങ്ങളുടെ നഷ്ടം നിഷാദലിക്ക് നേരിട്ടിരുന്നു. സഹപ്രവര്‍ത്തകര്‍ക്കും നാട്ടുകാര്‍ക്കുമായി വലിയ തുകകള്‍ ഇയാള്‍ നല്‍കാനുണ്ട്.
അങ്ങനെ കടം കയറി മറ്റു മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു ഇയാള്‍. മമ്പാട് ഹൈസ്കൂളില്‍ നിന്ന് 80,000 രൂപയും സിസിടിവികളും മോഷ്ടിച്ചത് നിഷാദലി തന്നെയാണ്. ഇയാള്‍ കവര്‍ച്ച പതിവാക്കിയിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. നൂറു കണക്കിന് സിസിടിവികള്‍ പരിശോധിച്ചതാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിനെ സഹായിച്ചു.