ഹരിപ്പാട്: ആലപ്പുഴയില്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടര്‍ ചോര്‍ന്നു. വീട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തമാണ്. കരുവാറ്റ ടിബി ജംക്ഷനു സമീപം മുളവന പുത്തന്‍ വീട്ടില്‍ ബെന്നിയുടെ വീട്ടിലെ സിലിണ്ടറാണ് ചോര്‍ന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം. അടുക്കളയിലാണ് സിലിണ്ടര്‍ സൂക്ഷിച്ചിരുന്നത്. പുലര്‍ച്ചെ ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ ബെന്‍സി ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി. അപ്പോഴാണ് ഗ്യാസിന്റെ മണമാണെന്ന് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് വിമുക്തഭടനായ ബെന്നി ജനാലകളും കതകുകളും തുറന്നിട്ടു. സിലിണ്ടര്‍ വീടിനു പുറത്തേക്ക് മാറ്റി. സിലിണ്ടര്‍ ചോര്‍ന്ന ഭാഗം സോപ്പ് ഉപയോഗിച്ചു അടച്ചു. തുടര്‍ന്ന് ഹരിപ്പാട് അഗ്നിരക്ഷാ നിലയില്‍ അറിയിച്ചു. കൊച്ചി റിഫൈനറിയിലെ ഉദ്യോഗസ്ഥനായതിനാല്‍ ഗ്യാസ് ചോര്‍ന്നാല്‍ ചെയ്താല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് അറിവുണ്ടായിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.
സിലിണ്ടര്‍ വീണ്ടും ചോരുമെന്ന വീട്ടുകാരുടെ ഭീതികാരണം അഗ്നിരക്ഷാ നിലയത്തിലേക്കു മാറ്റിയ സിലിണ്ടര്‍ ഗ്യാസ് ഏജന്സിക്കാര് എത്തി കൊണ്ടു പോയി. സിലിണ്ടര്‍ രണ്ടാഴ്ച മുന്പാണിതു ലഭിച്ചത്. ഉപയോഗിച്ചിരുന്നില്ല. അടുക്കളയില്‍ മറ്റൊരു സിലിണ്ടറാണ് ഉപയോഗിച്ചിരുന്നത്. ചെറിയ ഒരു സ്പാര്‍ക്ക് ഉണ്ടായാല്‍ രണ്ടു സിലിണ്ടറും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. സിലിണ്ടറിന്റെ കാലപ്പഴക്കമാണ് പ്രശ്നത്തിനു കാരണമെന്നാണ് വിലയിരുത്തല്‍.