കൊച്ചി: അമ്മ പട്ടിയുടെ കണ്മുന്നില് വെച്ച് ഒരു മാസം പ്രായമുള്ള 7 കുഞ്ഞുങ്ങളെ തീവെച്ചു കൊന്നു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞുങ്ങള്‍ ചത്തു. അമ്മപട്ടിയെ രക്ഷപ്പെടുത്തി. എറണാകുളം ജില്ലയിലെ ആലങ്ങാട് മാഞ്ഞാലി ഡൈമൂണ്മുക്ക് ചാണയില്‍ കോളനിയിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് അരും ക്രൂരത നടന്നത്. ദയ അനിമല്‍ വെല്‍ഫെയര്‍ സംഘടനയാണ് പരിക്കേറ്റ അമ്മപട്ടിയെ രക്ഷപ്പെടുത്തിയത്. രണ്ട് ചെവിയിലും വയറ്റിലും സാരമായി പൊള്ളലേറ്റ പട്ടിയെ പറവൂര്‍ മൃഗാശുപത്രിയിലെ ചികിത്സക്ക് ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
സമീപ പ്രദേശങ്ങളില്‍ അലഞ്ഞുതിരിഞ്ഞു നടന്ന നായ ഒരു മാസം മുമ്പാണ് കോളനിയിലെ വീട്ടിലെ വരാന്തക്ക് സമീപം പ്രസവിച്ചത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും അമ്മ പട്ടിയും കുഞ്ഞുങ്ങളും പോകാതെ വന്നതോടെ പന്തം കത്തിച്ച് ഇവയുടെ ശരീരത്തില്‍ വെക്കുകയായിരുന്നു.
കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ പൊള്ളലേറ്റ അമ്മ പട്ടി കുരച്ച് ഓടാന്‍ തുടങ്ങിയതോടെയാണ് സമീപവാസികള്‍ വിവരം ദയ പ്രവര്‍ത്തകരെ അറിയിക്കുന്നത്. നായ്കുട്ടികളെ സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടതായാണ് സൂചന.
സംഭവത്തില്‍ മേരി, ലക്ഷ്മി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.