അമ്പലവയല്‍: ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സഹായം. സ്കൂളിലെ ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി നല്കിയ ലാപ്ടോപുകള് തിരിച്ചെടുത്ത് ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് നല്കാന് ഉത്തരവ്.
ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോഴും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ സ്കൂളുകളിലെ ഹൈടെക് സ്കൂള്‍, ഹൈടെക് ലാബ് എന്നിവയിലെ ഉപയോഗത്തിനായി നല്കിയ ലാപ്ടോപുകളാണ് തിരിച്ചെടുക്കുന്നത്. നിലവില്‍ സ്കൂളുകളിലെത്തിയുള്ള പഠനമില്ലാത്തതിനാല്‍ ഉപയോഗിക്കാതിരിക്കുന്ന ഇവയാണു തിരിച്ചെടുക്കാന്‍ ഉത്തരവായത്.
പൊതു വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ 12 വരെയുള്ള ഓരോ ക്ലാസിലും പഠന ഉപകരണം ആവശ്യമുള്ളവരുടെ എണ്ണം ഓരോ സ്കൂളില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ലാപ്ടോപ് നല്‍കുന്നത്. ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) വഴി സ്കൂളുകള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തിരുന്നത്. ജില്ലയില്‍ എല്ലാ സ്കൂളിലും ഹൈടെക് ലാബ് സൗകര്യമുണ്ട്.
സ്കൂളുകളിലെ ലാപ്ടോപുകള് നിര്‍ദേശാനുസരണം കൈറ്റിന്റെ ജില്ലാ ഓഫിസില്‍ പ്രധാനാധ്യാപകര്‍ എത്തിക്കണം. അവിടുന്നാണ് ആവശ്യാനുസരണം സ്കൂളുകള്‍ക്ക് നല്‍കുക. സ്കൂള്‍ ലൈബ്രറിയിലെ പുസ്തക വിതരണത്തിന്റെ മാതൃകയിലാകും ലാപ്ടോപ് വിതരണം.
സ്കൂളുകളില്‍ 1 മുതല്‍ 12 വരെയുള്ള കുട്ടികള്‍ക്കു ഘട്ടംഘട്ടമായി വിതരണം ചെയ്യണം. ആദ്യം 10, 12 ക്ലാസുകള്‍ക്കും, 8,9 ക്ലാസുകള്‍ക്ക് രണ്ടാമതും, 5,6,7 ക്ലാസുകള്‍ക്കു മൂന്നാം ഘട്ടത്തിലും ബാക്കിയുള്ള ക്ലാസുകള്‍ക്ക് അവസാന ഘട്ടത്തിലുമാണ് ലാപ്ടോപ് നല്‍കുക.
അതേസമയം, സ്കൂളുകളില്‍ നിന്ന് തിരിച്ചെടുക്കുന്ന ലാപ്ടോപുകള്‍ക്ക് പകരം കിഫ്ബി ധനസഹായത്തോടെ ലഭ്യമാക്കാനുള്ള പ്രോപ്പോസല്‍ കൈറ്റ് സര്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. പട്ടിക വര്‍ഗ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ ആദിവാസി വിഭാഗത്തിലെ 23,000 വിദ്യാര്‍ഥികള്‍ക്കാണ് ഇനിയും ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തതായി കണ്ടെത്തിയിട്ടുള്ളത്.