തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് 137.4 അടിയായി ഉയര്‍ന്നു. ഡാമിലെ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഇന്നു രാത്രി ഒമ്പതിന് ശേഷം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു വിട്ട് നിന്ത്രിതമായ അളവില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനുള്ള സാധ്യത ഉള്ളതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി മുല്ലപെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതും സുരക്ഷിത സ്ഥാനങ്ങളിലേക്ക് 9 മണിക്ക് മുന്‍പായി മാറി താമസിക്കേണ്ടതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈകൊണ്ടിട്ടുണ്ട്.
യാതൊരുവിധത്തിലുമുള്ള ആശങ്കകള്‍ക്കും ഇടവരാതെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് റവന്യു, പോലീസ്, ഫയര്‍ഫോഴ്സ് അധികാരികളുടെയും, ജനപ്രതിനിധികളുടെയും നിര്‍ദ്ദേശാനുസരണം 9 മണിക്ക് മുമ്പായി ജനങ്ങള്‍ സുരക്ഷിത ക്യാമ്പുകളിലേക്ക് മാറേണ്ടതാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. മുല്ലപ്പെരിയാര്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ തിരുവന്തപുരത്ത് അടിയന്തര യോഗം ചേരുകയാണിപ്പോള്‍.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണിപ്പോഴും. അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ നല്ല നിലയില്‍ വര്‍ധനയുണ്ട്. സ്പില്‍വേ തുറന്ന് അധികജലം ഒഴുക്കിയാല്‍ പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്ക്കത് ഭീഷണിയാകും.
142 അടിയില്‍ നിന്നും 152 അടിയാക്കി മുല്ലപ്പെരിയാറിന്റെ സംഭരണശേഷി ഉയര്‍ത്തണമെന്ന ആവശ്യത്തിലാണ് തമിഴ്നാട്. 2014 ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സംഭരണശേഷി 142 അടിയാക്കി ഉയര്‍ത്തിയത്.