തിരുവല്ല: പാചക വിദഗ്ധനും സിനിമാ നിര്‍മാതാവുമായ നൗഷാദിന്റെ വിയോഗം ഏവരെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. ഇതോടെ ഏക മകള്‍ നഷ്വ ജീവിതത്തില്‍ തനിച്ചായി.
കഴിഞ്ഞദിവസമായിരുന്നു നൗഷാദ് വിടവാങ്ങിയത്. ഗുരുതര അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. ഒരു മാസമായി തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദിന്റെ ആരോഗ്യസ്ഥിതി വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.
രണ്ടാഴ്ച മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ മരിച്ചത്. ഭാര്യയുടെ മരണം നൗഷാദിനെ കൂടുതല്‍ തളര്‍ത്തിയിരുന്നു. ഇപ്പോള്‍ നൗഷാദ് കൂടി പോയതോടെ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിലാണ് 13 വയസുകാരിയായ നഷ്വയ്ക്ക് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നത്.
നൗഷാദിന് അന്ത്യചുംബനം നല്കി വിട നല്കുന്ന നഷ്വയുടെ വീഡിയോ സോഷ്യല്‍മീഡിയയെ കണ്ണീരണിയിക്കുകയാണ്. മാതാവിന്റെ മരണം നല്കിയ മാനസികാഘാതത്തിനൊപ്പം പിതാവ് തിരികെ വരുമെന്ന പ്രതീക്ഷയിലുമായിരുന്നു നഷ്വ. എന്നാല്‍ എല്ലാപ്രതീക്ഷകളും തകര്‍ത്ത് നൗഷാദ് യാത്രയായി.