കൊല്ലം: സാമൂഹിക വിരുദ്ധരുടെ ഉപദ്രവം സഹിക്കാനാവാതെ വീടുവിട്ട് ട്രെയിനില്‍ അഭയം തേടി കുടുംബം. കൊല്ലം ഇരവിപുരത്തെ സുനാമി ഫ്ളാറ്റില്‍ താമസിക്കുന്ന മഞ്ജുവിനും മക്കള്‍ക്കുമാണ് ഈ ദുരവസ്ഥ. പോലീസില്‍ പരാതിപ്പെട്ടിട്ടും പോലീസ് ഇടപെട്ടിട്ടും സാമൂഹിക വിരുദ്ധര്‍ ഈ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
രാത്രി വാതിലില്‍ മുട്ടും, വൈദ്യുതിബന്ധം വിച്ഛേദിക്കും, വീടുകയറി ആക്രമിക്കലുമെല്ലാം ചേര്‍ന്ന് ജീവിതം തന്നെ പേടി സ്വപ്നമായതോടെ രാത്രി വീട്ടില്‍ നില്ക്കാന് കഴിയാതെയാണ് യുവതിയും മക്കളും തിങ്കളാഴ്ച ട്രെയിനില്‍ അഭയം കണ്ടെത്തിയത്. ട്രെയിന്‍ ടിക്കറ്റെടുത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്രചെയ്ത് നേരം വെളുപ്പിക്കുകയായിരുന്നു ഇവര്‍.
അനാഥാലയത്തിലാണ് മഞ്ജു വളര്‍ന്നത്. സര്‍ക്കാര്‍ സഹായത്താല്‍ സുനാമി ഫ്ളാറ്റില്‍ താമസസൗകര്യം കിട്ടി. അവിടെ ജീവിതം പതിയെ പച്ചപിടിച്ചുവരുന്നതിനിടെയാണ് ചില സാമൂഹ്യദ്രോഹികള്‍ കാരണം വീട്ടില്‍ കഴിയാന്‍പറ്റാത്ത അവസ്ഥയുണ്ടായത്. മകളെ അപമാനിക്കുന്ന വീഡിയോ എടുത്ത് പ്രചരിപ്പിച്ച ചിലരാണ് ആക്രമണത്തിന് തുടക്കമുട്ടത്.
അതു ചോദ്യംചെയ്തതോടെ വീടുകയറി ആക്രമിച്ചു. പിന്നീട് അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി. ഞായറാഴ്ച രാത്രി ചിലര്‍ വാതിലില്‍ അടിച്ച് പേടിപ്പിച്ചു. ഫോണ്‍ ചെയ്തപ്പോള്‍ കണ്ട്രോള് റൂം പോലീസ് വന്നെങ്കിലും ഭീഷണിക്കും ശല്യപ്പെടുത്തലിനും കുറവുണ്ടായില്ല.
തിങ്കളാഴ്ച വീട്ടില്‍ പോകാന്‍ ധൈര്യമില്ലാതിരുന്നതിനാല്‍ പകല്‍ പാര്‍ക്കിലിരുന്നു സമയം ചെലവഴിച്ചു. രാത്രി തീവണ്ടിയില്‍ കയറി എറണാകുളത്തേക്കുപോയി. തിരിച്ച് രാവിലെ മറ്റൊരു തീവണ്ടിയില്‍ കൊല്ലത്തെത്തി. ‘ഗ്യാസ് വാങ്ങാന്‍വെച്ച പണമെടുത്താണ് തീവണ്ടി ടിക്കറ്റ് എടുത്തത്. കോവിഡ് കാലമായതിനാല്‍ ചെയ്തുകൊണ്ടിരുന്ന വീട്ടുജോലിക്കും പോകാന്‍ പറ്റുന്നില്ല. അഡ്വ. എം മുഹമ്മദ് ഹുമയൂണ്‍ കോടതിയില്‍ സൗജന്യമായി ഹാജരാകുന്നതുകൊണ്ടാണ് കേസ് നടത്താന്‍ പറ്റിയത്. ചൊവ്വാഴ്ച ഞാന്‍ വീട്ടിലേക്കു തിരിച്ചുവന്നു. പക്ഷേ, രാത്രി ആരോ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഈ കുഞ്ഞുങ്ങളെയുംകൊണ്ട് ഇനിയെന്തു ചെയ്യണമെന്നറിയില്ല. ഇവരുടെ അച്ഛന് നേരത്തേ ഞങ്ങളെ ഉപേക്ഷിച്ചുപോയതാണ്”-മഞ്ജു കണ്ണീരോടെ പറയുന്നു.
”മോള്‍ക്ക് പ്ലസ്ടുവിന് നല്ല മാര്‍ക്കുണ്ട്. സോഫ്റ്റ് ബോള്‍ താരമാണ്. പക്ഷേ, ഈ പ്രശ്നങ്ങള്‍ കാരണം അവള് മാനസികമായി ബുദ്ധിമുട്ടിലാണ്. സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ മകന്റെ പത്താം ക്ളാസ് പഠനവും മുടങ്ങി”- മഞ്ജു വേദനയോടെ പറയുന്നു. അധികൃതര്‍ ഇനിയെങ്കിലും തങ്ങളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം.