മലപ്പുറം: തലചായ്ക്കാനൊരിടമില്ലാതിരുന്ന വാസുവിനും കുടുംബത്തിനും ഓണസമ്മാനമായി സ്വപ്നവീട് സമ്മാനിച്ച് മഹല്ല് കമ്മിറ്റി. തോഴന്നൂര്‍ കുണ്ടന്‍ചിന മഹല്ല് കമ്മിറ്റിയാണ് വാസുവിനും കുടുംബത്തിനും തുണയായത്. ഏറെ നാളത്തെ സ്വപ്നം സാക്ഷാത്കരിച്ചതുകൊണ്ടുതന്നെ കുണ്ടന്‍ചിനയിലെ കൊളമ്പില് വാസുവിനും കുടുംബത്തിനും ഇത് മറക്കാനാകാത്ത ഓണക്കാലമാണ്.
മഹല്ല് കമ്മിറ്റിയുടെ ഓണസമ്മാനം ഏറെ മൂല്യമുള്ളതായിരുന്നു വാസുവിന്. പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് മനോഹരമായ ഒരു വീട് തന്നെയാണ് മഹല്ല് കമ്മിറ്റി നിര്മിച്ചുനല്കുകിയത്. മഹല്ല് നിവാസികള്‍ വാസുവിനെ കൂടപ്പിറപ്പിനെപ്പോലെ നെഞ്ചോടുചേര്‍ത്തപ്പോള്‍ ഒരു വീടിനൊപ്പം മതസൗഹൃദത്തിന്റെ മഹത്തായ മാതൃകകൂടി തീര്‍ക്കുകയായിരുന്നു ഇവര്‍.
ശാരീരികവൈകല്യമുള്ള വാസുവിന് അധ്വാനിക്കാന്‍ ശേഷിയില്ല. വീടുകളില്‍ ജോലിചെയ്ത് ഭാര്യയാണ് കുടുംബം പോറ്റുന്നത്. കുടുംബത്തിന്റെ നിത്യച്ചെലവ്, ഒന്പതാംക്ലാസില് പഠിക്കുന്ന ഏകമകള്‍ വിസ്മയയുടെ പഠനച്ചെലവ്, പ്ലാസ്റ്റിക് ഷെഡില്‍നിന്നുള്ള മോചനം ഇതെല്ലാമാലോചിച്ച് ഒന്നും നടക്കില്ലെന്നു ചിന്തിച്ചിരിക്കുമ്പോഴാണ് സാന്ത്വനവുമായി മഹല്ല് കമ്മിറ്റി വരുന്നത്.
ഇവര്‍ വീടിന്റെ നിര്‍മാണം ഏറ്റെടുക്കുത്തു. 10 ലക്ഷം രൂപ ചെലവില്‍ ഒന്‍പതുമാസം കൊണ്ടാണ് വീടിന്റെ പണി പൂര്‍ത്തീകരിച്ചത്. നാട്ടിലും മറുനാട്ടിലുമുള്ള മുഴുവന്‍ മഹല്ല് നിവാസികളും ഈ മഹത്തായ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ഈമാസം 25-ന് അഞ്ചുമണിക്ക് ഈ സ്നേഹഭവനം മഹല്ല് ഖാളി കുഞ്ഞിമോന് തങ്ങളുടെ സാന്നിധ്യത്തില്‍ തിരൂര്‍ സബ്കളക്ടര്‍ സൂരജ് ഷാജി കുടുംബത്തിനു കൈമാറും.