തിരുവല്ലം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഹോളോ ബ്രിക്സു കൊണ്ടുള്ള ഏറില്‍ യുവതി കൊല്ലപ്പെട്ടു. തിരുവല്ലം തിരുവഴിമുക്ക് മേലെനിരപ്പില്‍ വീട്ടില്‍ ചന്ദ്രകുമാറിന്റെ ഭാര്യ രാജിയാണ് മരിച്ചത്. നാല്‍പ്പത് വയസ്സായിരുന്നു. തിരുവോണത്തലേന്നായിരുന്നു സംഭവം.
സംഭവത്തില്‍ അയല്‍വാസിയായ ഗിരീശനെ (43) പൊലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം. രാജിയും ഗിരീശന്റെ ഭാര്യയും തമ്മില്‍ നിരന്തരം വഴക്കിടുമായിരുന്നു. വെള്ളിയാഴ്ച രാത്രിയും വഴക്കുണ്ടായി. ഇതിനിടയില്‍ ഗിരീശന് അടുത്ത് കിടന്ന ഹോളോ ബ്രിക്സ് എടുത്ത് എറിയുകയായിരുന്നു.
കല്ലേറ് കൊണ്ടയുടനെ രാജി കുഴഞ്ഞുവീണു. ഗുരുതരമായി പരിക്കേറ്റ രാജിയെ ഭര്‍ത്താവ് ചന്ദ്രകുമാറും ബന്ധുക്കളും ചേര്‍ന്ന് ഉടനെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവത്തിനു ശേഷം ഒളിവില്‍ പോയ ഗിരീശനെ മുക്കോലയ്ക്കു സമീപത്തുനിന്നും പൊലീസ് പിടി കൂടി. രാജിയുടെ സംസ്കാര ചടങ്ങുകള്‍ കുടുംബ വീടായ പുന്നക്കുളത്ത് നടന്നു. മക്കള്‍: അദിതി ചന്ദ്രന്, ചിന്മയ ചന്ദ്രന്. ഡിടിപി സെന്റര്‍ നടത്തിവരികയായിരുന്നു രാജി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.