ചിറയിന്‍കീഴ്: പുഴയില്‍ കാണാതായ യുവാവിനായി ഇന്നലെയും നടത്തിയ തിരച്ചില്‍ വിഫലം. നഗരൂര്‍ കൊടുവഴന്നൂര്‍ ഗണപതിയാം കോണത്തു വിളയില്‍വീട്ടില്‍ അനുരാജാ(25)ണു ഒഴുക്കില്‍പെട്ടു കാണാതായത്. അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ തിരുവോണദിവസം ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അനുരാജ്.
രണ്ടുമാസം മുമ്പായിരുന്നു അനുരാജിന്റെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഭാഗ്യ അനുരാജിന്റെ ജീവിത സഖി ആയത്. ശനിയാഴ്ച വൈകിട്ടു ആറുമണിയോടെയാണു അപകടം ഉണ്ടായത്. പെട്ടെന്നുരുണ്ടുകൂടിയ ശക്തമായ തിരമാലയില്‍പ്പെട്ടു നാലുപേര്‍ മുങ്ങിത്താഴുകയായിരുന്നു.
കോസ്റ്റല്‍ വാര്ഡന്മാര് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു മൂന്നുപേരെ കരയ്ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല. രക്ഷപ്പെട്ട മൂന്നു യുവാക്കളേയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ അനുരാജിനായി മറ്റൈന്‍ എന്‍ഫോഴ്സ്മെന്റ് യൂണിറ്റും കോസ്റ്റല്‍ പൊലീസും സുരക്ഷാസേനയും ഇന്നലെയും സംയുക്ത തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നു.
തിരുവോണ ദിനത്തിലുണ്ടായ അപകടം തീരത്തെ ശോകമൂകമാക്കി. ഓണം നാളുകളില്‍ അടുത്ത പ്രദേശങ്ങളില്‍ നിന്നു നൂറുക്കണക്കിനു പേരാണു കുടുംബാംഗങ്ങള്‍ക്കൊപ്പം പെരുമാതുറ-മുതലപ്പൊഴി തീരത്തു സന്ദര്‍ശകരായെത്തുന്നത്. അപകടത്തെത്തുടര്‍ന്നു മുതലപ്പൊഴിയില്‍ ഇറങ്ങുന്നതിനു സുരക്ഷാസേന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.