കൊച്ചി: ഉടമകള്‍ അറസ്റ്റിലായതോടെ നിരാഹാരം ഇരുന്ന് വളര്‍ത്തുനായ്ക്കള്‍. കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നു കോടികളുടെ ലഹരിവേട്ട നടത്തിയ എക്സൈസിനെയാണ് 3 നായ്ക്കള്‍ വെള്ളം കുടിപ്പിച്ചത്. എംഡിഎംഎ കടത്തിയതിനു മറയൊരുക്കാന്‍ പ്രതികള്‍ ഉപയോഗിച്ച റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് എക്സൈസ് സംഘത്തിനു തലവേദനയായത്.
നായ്ക്കളെയാണ് ലഹരിക്കടത്തിനു മറയാക്കിയത്. അതിനാല്‍ ഇവയെ നിയമപ്രകാരം കസ്റ്റഡിയിലെടുക്കണം. എന്നാല്‍, ശൗര്യം കൂടിയ ഇനമായതിനാല്‍ നായ്ക്കളോടടുക്കാന് ആര്‍ക്കും ധൈര്യമില്ല. ഉടമകള്‍ രാവിലെ അറസ്റ്റിലായതോടെ നായ്ക്കള്‍ ‘നിരാഹാരം’ ആരംഭിച്ചതും എക്സൈസുകാരെ കുഴക്കി.
വാഴക്കാലയിലെ ഫ്ലാറ്റിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളിലാണു നായ്ക്കളെ സൂക്ഷിച്ചിരുന്നത്. മുന്‍സീറ്റില്‍ രണ്ടു നായ്ക്കളും പിന്‍സീറ്റില്‍ ഒരു നായും. എക്സൈസുകാരും ഫ്ലാറ്റിലെ താമസക്കാരില്‍ ചിലരും നല്കിയ ഭക്ഷണം അവഗണിച്ച നായ്ക്കള്‍ വൈകുന്നേരം വരെ കാറിനുള്ളില്‍ തളര്‍ന്നു കിടന്നു.
നായ്ക്കളെ കസ്റ്റഡിയില്‍ എടുത്താല്‍ എവിടെ സൂക്ഷിക്കും ആരു പരിചരിക്കും തുടങ്ങിയ കാര്യങ്ങളില്‍ എത്തുംപിടിയും കിട്ടാതായതോടെ ഉദ്യോഗസ്ഥര്‍ ശരിക്കും വെട്ടിലായി. ഇതോടെ അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി നായ്ക്കളുടെ മേല്‍നോട്ടച്ചുമതല ഏല്പിച്ചു താല്‍ക്കാലിക പരിഹാരം കണ്ടു.