കൊച്ചി: കോവിഡ് പ്രതിസന്ധിയില്‍ വരുമാനമില്ലാതെ ജീവിതം വഴിമുട്ടിയതോടെ ഫോട്ടോഗ്രാഫര്‍ ആത്മഹത്യ ചെയ്തു. എറണാകുളം ഏഴിക്കരയിലാണ് സംഭവം. വീടിനടുത്ത് സ്റ്റുഡിയോ നടത്തുന്ന വിജില്കുമാറാണ് സ്ഥാപനത്തിനുള്ളില്‍ തൂങ്ങിമരിച്ചത്. ലക്ഷങ്ങളുടെ ബാധ്യത വിജിലിനുണ്ടായിരുന്നു.
വിജില്കുമാറെന്ന മുപ്പത്തിയാറുകാരന്റെ ജീവനും ജീവിതവും ലാവന്‍ഡര്‍ എന്ന ഏഴിക്കരയിലെ ഈ സ്റ്റുഡിയോ ആയിരുന്നു . വായ്പയെടുത്തും കടംവാങ്ങിയും സ്റ്റുഡിയോ തയാറാക്കിയപ്പോള്‍ വിജിലും കുടുംബവും ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു.
കാന്‍സര്‍ ബാധിതയായിരുന്ന അമ്മ രണ്ടുവര്‍ഷം മുന്‍പ് മരിച്ചു. സാമ്പത്തികമായി തകര്‍ന്ന കുടുംബത്തിന്റെ ആശ്രയം ഫോട്ടോഗ്രാഫറായ വിജില്‍ ആയിരുന്നു. എന്നാല്‍ വിചാരിച്ചതുപോലെ പച്ചപിടിക്കാന്‍ വിജിലിന് കഴിഞ്ഞില്ല. കോവിഡ് പ്രതിസന്ധിയില്‍ അവസരങ്ങള്‍ കുറഞ്ഞു.
മാസങ്ങളോളം വരുമാനം നിലച്ചു. മാനസിക സമ്മര്‍ദത്തിലായിരുന്ന വിജിലിനെ ചൊവ്വ ഉച്ചയോടെയാണ് കാണാതായത്. കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് സ്റ്റുഡിയോയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ നോര്‍ത്ത് പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.