കട്ടപ്പന: ലോറിക്കടിയില്‍പ്പെട്ട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. കട്ടപ്പനയിലാണ് ദാരുണ സംഭവം. ചേറ്റുകുഴിയിലെ ഇഷ്ടിക നിര്‍മാണ യൂണിറ്റിലാണ് അപകടമുണ്ടായത്. അസം സ്വദേശികളുടെ ഒന്നര വയസുകാരന് മകനാണ് മരിച്ചത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് അമ്മയെ അന്വേഷിച്ചിറങ്ങിയ കുഞ്ഞ് ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
ദുലാല്‍ ഖദീജ ദമ്പതികളുടെ മകനാണ് മരിച്ചത്. ഇഷ്ടികക്കളത്തിന് സമീപത്തെ ലയത്തില്‍ താമസിച്ചു വരിയായിരുന്നു ദുലാലും ഭാര്യ ഖദീജയും. ഖദീജ ഇന്നലെ രാവിലെ എട്ടുമണിയോടെ ജോലിക്കിറങ്ങുമ്പോള്‍ കുട്ടി ഉറക്കമായിരുന്നു. പിന്നീട് ഉണര്‍ന്ന കുട്ടി അമ്മയെ കാണാനായി റോഡിനപ്പുറത്തുള്ള ഇഷ്ടികക്കളത്തിലേക്കു ഓടുകയായിരുന്നു.
ഇതിനിടെയാണ് ഇഷ്ടികയും കയറ്റിപ്പോകുന്ന ലോറിയുടെ അടിയില്‍പെട്ടത്. കരച്ചില് കേട്ട് തൊഴിലാളികള്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍ഭാഗത്തെ ടയറുകള്‍ കുഞ്ഞിന്റെ ദേഹത്ത് കയറിയിറങ്ങി. ലോറി നിര്‍ത്താതെ പോവുകയും ചെയ്തു. പിന്നാലെയെത്തിയ മറ്റൊരു ലോറിയില്‍ കുഞ്ഞിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് കട്ടപ്പനയിലെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന് പൊലിഞ്ഞിരുന്നു. രണ്ടു വര്‍ഷം മുന്‍പാണ് ദുലാല്‍ ഇഷ്ടികക്കളത്തില്‍ ജോലിക്കു വന്നത്. നാലുമാസം മുന്‍പ് നാട്ടില്‍പോയി വന്നപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കൊണ്ടുവന്നതായിരുന്നു.