പാറശാല: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ രണ്ടാഴ്ച മുന്‍പ് ജാമ്യത്തില്‍ ഇറങ്ങിയ ഭര്‍ത്താവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാറശാല ചൂരക്കുഴി മേക്കെകര വീട്ടില്‍ ഷാജി (41)യെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ ചൂരക്കുഴിയിലെ വീടിന്റെ മുന്‍വശത്തുള്ള സണ്‍ഷേഡിലെ കൊളുത്തിലാണ് തൂങ്ങി മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 15ന് രാത്രിയാണ് ഭാര്യ മീനയെ മദ്യലഹരിയിലായിരുന്ന ഷാജി വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്തിയത്.
വെട്ടേറ്റ് വീടിനു പുറത്തേക്ക് ഒാടിയ മീനയെ പിന്തുടര്ന്ന് എത്തി മുഖത്തും, കഴുത്തിലും തുരുതുരാ വെട്ടി വീഴ്ത്തുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ തന്നെ മരിച്ചു. സംഭവ ശേഷം മുറിയില്‍ ഉറങ്ങിക്കിടന്ന മക്കളോട് അമ്മയെ വെട്ടിക്കൊന്നതായും സ്റ്റേഷനില്‍ പോകുകയാണെന്നും പറഞ്ഞ് ഷാജി വീട്ടില്‍ നിന്ന് ഇറങ്ങി. പാറശാല സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ ഷാജി 3 മാസത്തോളം ജയിലില്‍ ആയിരുന്നു.
വീട് നിര്‍മാണത്തിന് ലഭിച്ച വായ്പ തുകയില്‍ നിന്ന് മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ അവസാനിച്ചത്. മദ്യപിച്ചെത്തി ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ടുപോയ ഇവരുടെ മക്കളായ ഷാരോണ്‍, ശ്യാം എന്നിവര്‍ ബന്ധുക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കഴിയുന്നത്.