തൃശൂര്‍: ചെറുതുരുത്തിയില്‍ 24കാരി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമാണെന്ന് പരാതി. ശനിയാഴ്ചയാണ് ചെറുതുരുത്തി സ്വദേശി കൃഷ്ണപ്രഭയെ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്കി.
കൃഷ്ണപ്രഭയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. ചെറുതുരുത്തി പുതുശ്ശേരി കുട്ടന്റെയും രാധയുടെയും മകളാണ് കൃഷ്ണപ്രഭ. രണ്ടര വര്‍ഷം മുന്‍പാണു കൃഷ്ണപ്രഭയെ ശിവരാജ് വിവാഹം കഴിച്ചത്. സഹപാഠികളായിരുന്ന ഇവരുടേതു പ്രണയ വിവാഹമായിരുന്നു.
വീട്ടുകാരുടെ താല്പര്യ പ്രകാരമല്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം. വീട്ടുകാരെ ഉപേക്ഷിച്ച് ശിവരാജിനൊപ്പം പോയ കൃഷ്ണപ്രഭ പിന്നീട് വീട്ടില്‍ വന്നിരുന്നില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കൃഷ്ണപ്രഭ വീട്ടുകാരെ ഫോണില്‍ വിളിക്കുകയും ഭര്‍ത്തൃവീട്ടില്‍ വലിയ പീഡനം നേരിടുകയാണെന്നും പറഞ്ഞു.
ഇതിനുപിന്നാലെയാണ് യുവതിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പിറന്നാള്‍ ദിനത്തിലായിരുന്നു കൃഷ്ണപ്രഭയുടെ മരണം. ഭര്‍ത്തൃവീട്ടുകാരുടെ മാനസികപീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.