കുളത്തുപ്പുഴ: പൊട്ടക്കിണറ്റില്‍ വീണ് മരണത്തോട് മല്ലിട്ടു കഴിഞ്ഞ 72കാരന് 20 മണിക്കൂറിന് ശേഷം അത്ഭുതരക്ഷപ്പെടല്‍. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് സംഭവം. പരിസരവാസിയായ വീട്ടമ്മയ്ക്കു തോന്നിയ സംശയമാണ് ഇദ്ദേഹത്തിനു രക്ഷയായത്.
കുളത്തുപ്പുഴ ഗവ.തടി ഡിപ്പോ അയ്യപ്പന് വീട്ടില്‍ ഗോവിന്ദനാണു (72) ആരുമറിയാതെ ഒരു രാത്രിയും പകല്‍ പകുതിയും പൊട്ടക്കിണറ്റില്‍ മരണത്തോട് മല്ലിട്ട് കഴിഞ്ഞ ശേഷം വീണ്ടും ജീവിതത്തിലേക്ക് കരകയറിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് ആറ്റിനുകിഴക്കേക്കര ഡീസന്റ് മുക്ക് മംഗലത്ത്പടിക്കല് താഴെ ഭാഗത്ത് കിണറ്റില്‍ ഗോവിന്ദന് വീണത്.
കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം സമീപവാസിയായ വീട്ടമ്മ കുന്നുംപുറത്ത് വീട്ടില്‍ ബിന്ദു പ്രദീപ് കേട്ടിരുന്നു. പൊട്ടക്കിണറ്റില്‍ കാട്ടുപന്നി വീണതായിരിക്കും എന്നു കരുതി കാര്യമായി എടുത്തില്ല. ഇന്നലെ ഉച്ചയ്ക്ക് 12ന് കിണറ്റില്‍ അസാധാരണമായ ശബ്ദം വീണ്ടും കേട്ട ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചു.
തിരഞ്ഞപ്പോഴാണു വയോധികന് കിണറ്റില്‍ അവശനിലയില്‍ കിടക്കുന്നതു കണ്ടെത്തിയത്. കഴുത്തറ്റം വെള്ളത്തില്‍ കിണറിന്റെ തൊടിയില്‍ അള്ളിപ്പിടിച്ചു കിടക്കുകയായിരുന്നു. തകര്‍ന്ന പൊട്ടക്കിണര്‍ ആയതിനാല്‍ പേടിച്ച് ആരും ഇറങ്ങാന്‍ തയാറായില്ല. വിവരം അറിഞ്ഞെത്തിയ പൊലീസ് കിണറ്റില്‍ ഇറങ്ങി വയോധികനെ കയറില്‍ കെട്ടി കരയ്ക്കെത്തിക്കുകയായിരുന്നു. ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പ്രഥമ ശുശ്രൂഷ നല്കി വിട്ടയച്ചു.