ചങ്ങനാശ്ശേരി: ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്തെന്ന വീട്ടമ്മയുടെ പരാതിയില്‍ നടപടി. സംഭവത്തില്‍ അഞ്ചു പേര് അറസ്റ്റിലായതായി പോലീസ് അറിയിച്ചു. കേസില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. ഈ ഇടപെടലിനു മണിക്കൂറുകള്‍ക്കുള്ളിലാണ് കേസില്‍ അഞ്ചു പേര് അറസ്റ്റിലായത്.
കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആലപ്പുഴ സ്വദേശികളായ ഷാജി, രതീഷ്, പാലക്കാട് സ്വദേശി വിപിന്‍, കോട്ടയം സ്വദേശികളായ നിശാന്ത്, അനുക്കുട്ടന് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും.
ചങ്ങനാശ്ശേരി ഡിവൈ.എസ്.പി കോട്ടയം സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി, ചങ്ങനാശ്ശേരി, വാകത്താനം സി.ഐമാര്‍ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ലൈംഗികത്തൊഴിലാളി എന്ന പേരിലാണ് ചങ്ങനാശ്ശേരി സ്വദേശിയായ തയ്യല്‍ജോലിക്കാരിയായ യുവതിയുടെ നമ്പര്‍ പലയിടങ്ങളിലും പ്രചരിപ്പിക്കപ്പെട്ടത്.
ദിവസവും ഇരുന്നൂറിലധികം കോളുകളാണ് ഇവര്‍ക്ക് വന്നുകൊണ്ടിരുന്നത്. എട്ടുമാസം മുമ്പ് ഇവര്‍ സംഭവം പോലീസിനെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പിന്നീടാണ് അര്‍ധരാത്രി പോലും ഫോണ്‍കോളുകള്‍ വരുന്നതായും സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കുന്നില്ലെന്നും യുവതി കണ്ണീരോടെ അപേക്ഷയുമായി എത്തിയത്.