ചവറ: കൊല്ലം പരിമണത്ത് ദേശീയപാതയോരത്ത് വെച്ച് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് രണ്ടു കാറുകളിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കാർയാത്രക്കാരായ ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫ് രഘുനാഥനും മറ്റൊരു കാറിലുണ്ടായിരുന്ന കായംകുളം വലിയഴീക്കൽ സ്വദേശികളായ ഓമന (67), ജോയി (37) എന്നിവർക്കുമാണ് പരിക്കേറ്റത്.
ശനിയാഴ്ച രാവിലെ 6.15ന് പരിമണം പെട്രോൾ പമ്പിനുസമീപമായിരുന്നു അപകടം. കരുനാഗപ്പള്ളിയിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു ബസ്. ഇന്ധനം നിറച്ചശേഷം ദേശീയപാതയിലേക്ക് കയറുകയായിരുന്നു ഓമന സഞ്ചരിച്ച കാർ.
കെഎസ്ആർടിസി ബസ് ഇതിന്റെ പിന്നിൽ ഇടിച്ചശേഷം നിയന്ത്രണംവിട്ട് എതിരെ വന്ന രഘുനാഥന്റെ കാറിനുമുന്നിൽ ഇടിക്കുകയായിരുന്നു. രഘുനാഥൻ സഞ്ചരിച്ച കാറിന്റെ മുൻഭാഗവും വലിയഴീക്കൽ സ്വദേശികൾ സഞ്ചരിച്ച കാറിന്റെ പിൻഭാഗവും തകർന്നു.