തിരുവല്ലം: ഷോക്കേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കവെ അമ്മയും മകളും ദാരുണമായി മരണപ്പെട്ട സംഭവം നാടിനെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നീതുവും അമ്മ ഹേനയുമാണ് മരിച്ചത്. ഇളയ മകന് വൈദ്യുത ആഘാതമേറ്റതു കണ്ട് രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീതുവിന് ഷോക്കേറ്റത്. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മാതാവ് ഹേനയ്ക്കും ഷോക്കേറ്റു.
മാതാവിന്റെയും മകളുടെയും ദാരുണ മരണം മഠത്തുനട പ്രദേശത്തെ ഞെട്ടിച്ചിരിക്കുകയാണ്. അമ്മയെ കാണാനും സംസാരിക്കാനുമാണ് മകള്‍ നീതു രണ്ടു കുട്ടികള്‍ക്കൊപ്പം നെല്ലിയോട്ടെ വാടക വീട്ടില്‍ നിന്നു രാവിലെ മഠത്തു നടയിലെത്തുന്നത്. ഇവരും വീടിനുള്ളില്‍ സംസാരിച്ചിരിക്കവെ കുട്ടികള്‍ രണ്ടു പേരും പുറത്തായിരുന്നു.
ഇതിനിടെ ആണ് മൂത്തമകന് പ്രയാഗിന്റെ വിളി കേട്ട് നീതുവും മാതാവ് ഹേനയും പുറത്തിറങ്ങുന്നത്. ഇളയ മകന് വൈദ്യുത ആഘാതമേറ്റതു കണ്ട് ആദ്യം നീതുവാണ് രക്ഷിക്കാന്‍ ശ്രമിച്ചത്. മകളെ രക്ഷിക്കാന്‍ മാതാവ് ഹേനയും ശ്രമിച്ചു. ഇതിനിടെ കാര്യം മനസ്സിലായ മൂത്തമകന് പ്രയാഗ് കരഞ്ഞു കൊണ്ടു അയല്പക്കക്കാരുടെ സഹായം തേടി.
കുഞ്ഞനുജനും മാതാവിനും അമ്മൂമ്മക്കും ഷോക്കേറ്റു എന്നു അവന് വേഗം തിരിച്ചറിഞ്ഞു. നീതുവിന്റെ സഹോദരനും പിതാവും കൂലിപ്പണിക്കു പുറത്തു പോയിരിക്കുകയായിരുന്നു. അയല്‍വാസികള്‍ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഇവരെ വൈദ്യുത ബന്ധത്തില്‍ നിന്നു വേര്‍പെടുത്തി.
ഇരുവരുടെയും അടിയിലായ നിലയിലായിരുന്ന പിഞ്ചു കുഞ്ഞിനെ ആയിരുന്നു ആദ്യം രക്ഷിച്ചത്. മറ്റു രണ്ടു പേരെയും കഴിയും വേഗം തിരുവല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാനായില്ല. വീടിന്റെ അടുക്കള ഭാഗത്തെ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നു സ്ഥലം പരിശോധിച്ച കെഎസ്ഇബി അധികൃതര്‍ പറഞ്ഞതായി ഒപ്പമുണ്ടായിരുന്ന കൗണ്‍സിലര്‍ ഡി.ശിവന്‍കുട്ടി പറഞ്ഞു. വീടിന്റെ വയറിങിന് 50 വര്‍ഷത്തെ പഴക്കം എങ്കിലും ഉണ്ടാകും എന്നും പറഞ്ഞു.