തിരുവനന്തപുരം: ഓണം പ്രമാണിച്ച് 75 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ ഉത്സവബത്തയായി നൽകും. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത അനുവദിച്ചിരുന്നത്. എന്നാൽ ഇത്തവണ കോവിഡ്19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 75 ദിവസം തൊഴിലിലേർപ്പെട്ടവർക്ക് വരെ ഉത്സവബത്ത നൽകാൻ സർക്കാർ തീരുമാനമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു.
ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കും സർക്കാർ ബോണസ് പ്രഖ്യാപിച്ചിരുന്നു. സഹകരണ മേഖലയിലെ ഒരു ലക്ഷത്തിലധികം പേർക്ക് ബോണസ് ആനുകൂല്യം ലഭിക്കും. അപ്പക്സ് സഹകരണ സംഘങ്ങൾ മുതൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ വരെ പ്രവർത്തിക്കുന്നവർക്ക് ബോണസ് ലഭ്യമാകും. റെഗുലർ ജീവനക്കാർ, നീതി സ്റ്റോർ, നീതി മെഡിക്കൽ സ്റ്റോർ എന്നിവിടങ്ങളിലെ താൽക്കാലിക ജീവനക്കാർ, നിക്ഷേപ, വായ്പ കളക്ഷൻ ജീവനക്കാർ, അപ്രൈസർമാർ എന്നിവർക്കെല്ലാം ബോണസ് ലഭിക്കുമെന്ന് സഹകരണ മമന്ത്രി വിഎൻ വാസവൻ അറിയിച്ചു.