തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് വരുമാനമില്ലാതായതോടെ തുടങ്ങിയ മല്‍സ്യ കൃഷി നശിപ്പിച്ച് സാമൂഹ്യവിരുദ്ധര്‍. മത്സ്യകൃഷി നടത്തുന്ന കുളത്തില്‍ വിഷം കലര്‍ത്തിയതോടെ വിളവെടുക്കാറായ മല്‍സ്യങ്ങള്‍ ചത്തുപൊങ്ങി. കാട്ടാക്കടയിലാണ് സംഭവം.
പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവന്റ് മാനേജ്മെന്റ് നടത്തിയിരുന്ന യുവാക്കള്‍ ലോക്ക്ഡൗണില്‍ പണിയില്ലാതായതോടെയാണ് മല്‍സ്യകൃഷിയിലേക്ക് വഴിമാറിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ ലക്ഷങ്ങള്‍ ചെലവിട്ടാണ് കുളം കുഴിച്ച് ദിലീപ് ഖാനും,സഹോദരങ്ങളും ചേര്‍ന്നു മല്‍സ്യകൃഷി തുടങ്ങിയത്.
ഇവര്‍ക്ക് സഹായത്തിനായി മല്‍സ്യഫെഡ് ഉദ്യോഗസ്ഥരും എത്തിയിരുന്നു. അവരുടെ നിര്‍ദേശമനുസരിച്ച് റെഡ്തിലോപ്പിയ ഉള്‍പ്പെടെയുള്ള മല്സ്യകുഞ്ഞുങ്ങളും വാങ്ങി. ഇതുവരെ 5 ലക്ഷരൂപയോളം ചിലവായി. കഴിഞ്ഞദിവസമാണ് മല്‍സ്യകുഞ്ഞുങ്ങള്‍ ചത്തുപൊങ്ങാനാരംഭിച്ചത്.
പരിശോധിച്ചപ്പോഴാണ് വിഷം കലക്കിയതായി മനസിലാക്കിയത്.കുളത്തിലെ വെള്ളവും മല്‍സ്യവും കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.