ഇടുക്കി: നെടുങ്കണ്ടത്ത് യുവതിയെ ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ഭര്‍തൃവീട്ടില്‍ നിന്നും ദേവിക കടുത്ത മാനസിക പീഡനം നേരിട്ടതായി ബന്ധുക്കള്‍ പറയുന്നു.
രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിയായിരുന്നു ദേവിക. വീട്ടിലെ ശുചിമുറിയിലാണ് ദേവികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് ഭര്‍ത്താവ് അര്ജുന്. 5 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
അര്‍ജുന്റെ സഹോദരന്റെ വിവാഹ ശേഷം വീട്ടില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നുവെന്നു ദേവിക ബന്ധുക്കളോടു പറഞ്ഞിരുന്നു. വീട്ടിലെ കസേര തകര്‍ന്ന നിലയിലും ഭിത്തിയില്‍ ദേവികയുടെ രക്തക്കറയും പൊലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ദേവികയ്ക്ക് മര്‍ദനമേറ്റതിന്റെ ലക്ഷണങ്ങള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
നിസ്സാര പ്രശ്നങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് പലതവണ ദേവിക പറഞ്ഞതായാണ് ഭര്‍ത്താവ് അര്‍ജുന്റെ വാദം. സംഭവ ദിവസവും ആത്മഹത്യ ചെയ്യുമെന്ന് ഫോണില്‍ വിളിച്ചു പറഞ്ഞു. വീട്ടിലെത്തി ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായി. വീട്ടിലെ കസേര തകര്‍ത്ത് ദേഷ്യം തീര്‍ത്തെങ്കിലും ദേവികയെ മര്‍ദിച്ചിട്ടില്ലെന്നും അര്ജുന് പറയുന്നു.
രാത്രി 1.30നു മരിച്ചിട്ടും ദേവികയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞത് പുലര്‍ച്ചെ 3.30നാണ്. അര്‍ജുന്റെ വീട്ടുകാര്‍ വിവരം അറിയിച്ചില്ലെന്നും മറ്റൊരു ബന്ധുവാണ് വിവരങ്ങള്‍ അറിയിച്ചതെന്നും ആരോപണമുണ്ട്. നേരം പുലരുന്നതിനു മുന്‍പേ മൃതദേഹം ആശുപത്രിയില്‍ നിന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി.