അയിലൂര്‍: ലോട്ടറിയടിച്ചെങ്കിലും വലിയ കടക്കാരനായി മാറിയിരിക്കുകയാണ് മണി. കേരള ഭാഗ്യക്കുറിയിലൂടെ ഒരു കോടിക്ക് അര്‍ഹനായ മണിക്ക് ഇപ്പോള്‍ ഭാഗ്യക്കുറി ബാധ്യതയായിരിക്കുകയാണ്. സമ്മാനത്തുക ലഭിക്കാന്‍ കാലതാമസമെടുത്തതോടെ വലിയ കടക്കെണിയിലായിരിക്കുകയാണ് മണി.
സംസ്ഥാനസര്‍ക്കാരിന്റെ ‘ഭാഗ്യമിത്ര’ ലോട്ടറിയുടെ ഒരു കോടി രൂപയുടെ സമ്മാനമാണ് അയിലൂര്‍ കരിമ്പാറ പട്ടുകാട് മണിക്ക് ലഭിച്ചത്. ഇതോടെ തന്റെ ദുരിതമെല്ലാം തീരുമെന്ന് മണി സ്വപ്നം കണ്ടെങ്കിലും ദുരിതം ഇരട്ടിയാകുകയാണ് ഉണ്ടായത്. ജനുവരി മൂന്നിന് നടന്ന നറുക്കെടുപ്പിലാണ് കൂലിപ്പണിക്കാരനായ മണി കോടിപതിയായത്.
സമ്മാനാര്‍ഹമായ ടിക്കറ്റ് അയിലൂരിലെ സഹകരണബാങ്കില്‍ ഏല്‍പ്പിച്ചു. ഒപ്പം തന്നെ സമ്മാനത്തുക കിട്ടിയാല്‍ തിരിച്ചടയ്ക്കാമെന്ന് കരുതി ബാങ്കില്‍നിന്ന് 50,000 രൂപ വായ്പയുമെടുത്തു. പക്ഷെ, ലോട്ടറി ചതിച്ചു. ഏഴുമാസം കഴിഞ്ഞിട്ടും സമ്മാനത്തിനായുള്ള കാത്തിരിപ്പ് നീണ്ട് നീണ്ട് മണി ശരിക്കും വെട്ടിലായി.
കോടിപതിയായ മണി ഇപ്പോള്‍ ബാങ്ക് ലോണ്‍ ഉള്‍പ്പടെ വലിയ കടക്കാരനായി മാറി. പിന്നീട്, സഹകരണബാങ്കില്‍നിന്ന് ഭാഗ്യക്കുറി മാറ്റിനല്‍കാന്‍ സാങ്കേതികമായി പറ്റില്ലെന്ന അറിയിപ്പ് കിട്ടിയതോടെ മണി സമ്മാനാര്‍ഹമായ ടിക്കറ്റ് കേരള ബാങ്കിന്റെ നെന്മാറ ശാഖയില്‍ ഏല്‍പ്പിച്ചു.
ഭാഗ്യക്കുറിവകുപ്പ് ആവശ്യപ്പെട്ട രേഖകളെല്ലാം കൈമാറിയെങ്കിലും ഭാഗ്യക്കുറിയുടെ സമ്മാനത്തുക നാളെ നാളെ എന്ന മട്ടില്‍ നീളുകയാണ്. കോടിപതിയെന്ന് നാട്ടുകാരും വിളിച്ചുതുടങ്ങിയതോടെ കൂലിപ്പണിക്ക് പതിവായി വിളിച്ചിരുന്നവര്‍ പോലും ഇപ്പോള്‍ വിളിക്കുന്നില്ലെന്ന് മണി പറയുന്നു.
അമ്മ കല്യാണിയുടെ ചികിത്സയ്ക്കുള്ള തുകപോലും കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് കുടുംബം. കോവിഡ് പ്രതിസന്ധിയും ഇവരുടെ ജീവിതത്തെ നരകമാക്കുകയാണ്. മകളുടെ കല്യാണത്തിന് മുമ്പെങ്കിലും തുക കിട്ടുമെന്നാണ് മണി ആശ്വസിക്കുന്നത്. ഭാര്യ തങ്കമണി, മകള്‍ ഷീജ, മകന് രഞ്ജിത്ത് എന്നിവരടങ്ങിയതാണ് മണിയുടെ കുടുംബം.
ഷീജ നേരത്തെ നെന്മാറയിലെ ടെക്സ്റ്റൈല്‍സില്‍ ജോലിക്ക് പോയിരുന്നെങ്കിലും ലോക്ക്ഡൗണില്‍ തുണിക്കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ലാതായതോടെ അതും നിലച്ചു.കോവിഡ് അടച്ചുപൂട്ടലിനെത്തുടര്‍ന്ന് ഭാഗ്യക്കുറിവില്പന തടസപ്പെട്ടതുമൂലമാണ് സമ്മാനത്തുക നല്കുന്നതില് കാലതാമസമെന്ന് ലോട്ടറിവകുപ്പ് വിശദീകരിക്കുന്നു. ഇപ്പോള്‍ മുന്‍ഗണനാക്രമത്തിലാണ് പണം വിതരണമെന്നും ഓണത്തിന് മുന്‍പ് മണിയുടെ സമ്മാനത്തുക നല്‍കുമെന്നും അവര്‍ അറിയിച്ചു.