കണ്ണൂര്‍: 52കാരനെ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്പിച്ച നാലംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. കണ്ണൂരിലാണ് സംഭവം. ശ്രീസ്ഥയിലെ സുരേഷ് ബാബുവിനെ (52) വധിക്കാന്‍ ശ്രമിച്ച കേസിലാണ് നാലംഗസംഘം പിടിയിലായത്. സംഭവത്തില്‍ ക്വട്ടേഷന്‍ നല്കിയ കണ്ണൂര്‍ കേരള ബാങ്ക് ശാഖയിലെ ഉദ്യോഗസ്ഥ സീമ ഒളിവിലാണ്.
നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന് ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ. രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി സുധീഷ് (39) എന്നിവരെയാണ് പരിയാരം മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരുസ്ത്രീ ക്വട്ടേഷന്‍ നല്കിയ സംഭവം അപൂര്‍വ്വമാണെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിനെ വഴിതെറ്റിക്കുന്നത് കരാറുകാരനായ സുരേഷ് ബാബുവാണെന്ന് ആരോപിച്ചായിരുന്നു ക്വട്ടേഷന്‍ നല്‍കിയത്. പൊലീസ് പറയുന്നത് ഇങ്ങനെ: സംഭവം നടന്ന ഏപ്രില്‍ 18ന് രണ്ടുമാസം മുന്‍പാണ് കണ്ണൂര്‍ പടന്നപ്പാലത്ത് ഫ്ലാറ്റില്‍ താമസിക്കുന്ന സീമ രതീഷുമായി ബന്ധപ്പെടുന്നത്.
നേരത്തെ മെഡിക്കല്‍ കോളജിന് സമീപത്തെ നീതി മെഡിക്കല്‍ സ്റ്റോറില്‍ ജോലി ചെയ്തിരുന്ന സമയത്ത് രതീഷുമായി പരിചയമുണ്ടായിരുന്ന സീമ, തന്റെ ഭര്‍ത്താവിനെ സുരേഷ് ബാബു വഴിതെറ്റിക്കുകയാണെന്നും കടം വാങ്ങിയ പണം തിരികെ തരാതെ വഞ്ചിക്കുകയാണെന്നും ഇയാളെ കൈകാര്യം ചെയ്യാന്‍ പറ്റിയയാളുണ്ടോയെന്നും ചോദിച്ചു.
തുടര്‍ന്ന് രതീഷ് ക്വട്ടേഷന്‍ ഏറ്റെടുക്കുകയും ജിഷ്ണു, അഭിലാഷ് എന്നിവരുമായി ബന്ധപ്പെട്ട് കൃത്യം നടപ്പാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. മൂവരും കണ്ണൂരില്‍ സീമ ജോലിചെയ്യുന്ന ബാങ്ക് ശാഖയിലെത്തി നേരില്‍ കാണുകയും കൃത്യം നടത്തിയാല്‍ മൂന്നുലക്ഷം രൂപ നല്‍കാമെന്ന കരാര്‍ ഉറപ്പിക്കുകയും ചെയ്തു.
സുധീഷും ജിഷ്ണുവുമാണ് ആക്രമണം നടത്താന്‍ പോയത്. ജിഷ്ണുവാണ് വെട്ടിയത്. സുരേഷ് ബാബുവിന്റെ നിലവിളി കേട്ട് ബന്ധുക്കളും അയല്‍ക്കാരും എത്തുമ്പോഴേക്കും ആക്രമികള്‍ കാറില്‍ രക്ഷപ്പെട്ടു. അഭിലാഷും രതീഷും കാറില്‍നിന്ന് പുറത്തിറങ്ങിയിരുന്നില്ല. പ്രതികള്‍ ശ്രീസ്ഥ ഭാസ്കരന് പീടികയിലെത്തി വെട്ടാനുപയോഗിച്ച വടിവാള്‍ രാമപുരം പുഴയില്‍ ഉപേക്ഷിച്ചു.
വെട്ടേറ്റ സുരേഷ് ബാബു ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ക്വട്ടേഷന്‍ നല്കിയ സീമ കോട്ടയം ഭാഗത്ത് ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സീമയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.