എറണാകുളം: കൊട്ടിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോബിന് വടക്കുംചേരി സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. ഈ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് മാധ്യമ പ്രവര്‍ത്തകനായ കെ ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനല്‍ ഈ നാട്ടില്‍ ഉണ്ടാകാനും ഇത്രയും വേട്ടയാടപ്പെട്ട, അപമാനിക്കപ്പെട്ട, നിര്ഭാഗ്യവാന്മാരായ, നിരാലംബമായ മറ്റൊരു കുടുംബവും ഉണ്ടാകാനും സാധ്യതയില്ലെന്നും അദ്ദേഹം പറയുന്നു.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇടവക വികാരിയായിരിക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുക, ഗര്‍ഭിണിയാക്കുക. പെണ്‍കുട്ടിയ്ക്ക് പ്രസവിക്കാന്‍ സഭയുടെ ആശുപത്രിയും അവിടെനിന്നു അമ്മയെയും കുട്ടിയെയും ഒളിപ്പിക്കാന്‍ സഭയുടെ അനാഥാലയവും തയ്യാറായിരിക്കുക.
കേസാകുമ്പോള്‍ കുറ്റം ഇരയുടെ സ്വന്തം അച്ഛന്റെ തലയില്‍ വെച്ചുകെട്ടുക; അയാളെക്കൊണ്ട് അത് സമ്മതിപ്പിക്കുക.
വിദേശത്തേക്ക് രക്ഷപ്പെടാനുള്ള എല്ലാ സൗകര്യവും ലഭ്യമാവുക.
കോടതിയില്‍ ഇരയും മാതാപിതാക്കളും അടക്കം കൂറുമാറുക; പരസ്പരസമ്മത്തോടെയുള്ള ബന്ധമായിരുന്നുവെന്നു അവരെക്കൊണ്ടു പറയിപ്പിക്കുക
കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നു എന്ന് മാതാപിതാക്കളെക്കൊണ്ട് കോടതിയില്‍ കള്ളം പറയിപ്പിക്കുക.
അതെ ഇരയെക്കൊണ്ട് തന്നെ വിവാഹം കഴിക്കാന്‍ ജാമ്യം നല്‍കണമെന്ന് രാജ്യത്തെ പരമോന്നത കോടതിയില്‍ അപേക്ഷ കൊടുപ്പിക്കുക.
***
ഇത്രയും അധമനായ, ക്രൂരനായ, പ്രിവിലേജ്ഡ് ആയ മറ്റൊരു ക്രിമിനല്‍ ഈ നാട്ടില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
ഇത്രയും വേട്ടയാടപ്പെട്ട, അപമാനിക്കപ്പെട്ട, നിര്ഭാഗ്യവാന്മാരായ, നിരാലംബമായ മറ്റൊരു കുടുംബവും ഉണ്ടാകാന്‍ സാധ്യതയില്ല.
ഇതൊക്കെ നടക്കുന്ന സ്ഥലത്തെ ഖേരളം എന്ന് വിളിച്ചാല്‍ എനിക്ക് ഖേദവുമില്ല.