കണ്ണൂര്‍: കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് നിരവധി പേര്‍ക്കാണ് ജോലി നഷ്ടമായത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കടകളെല്ലാം അടച്ചിടേണ്ടി വന്നതോടെ വ്യാപാരികളില്‍ പലരും കടക്കെണിയിലും പട്ടിണിയിലുമായി. സാധനങ്ങള്‍ വിറ്റു ജീവിച്ചിരുന്നവര്‍ വീടും പറമ്പും വില്‍ക്കേണ്ട ഗതിയിലാണ് പലയിടത്തും.
സാമൂഹിക അകലം പാലിക്കാതെ കോവിഡിനെ തുരത്താന്‍ പറ്റില്ല എന്നത് വസ്തുത തന്നെയാണെന്നും അതിന് കാലാകാലം അടച്ചിടലല്ല മാര്‍ഗ്ഗമെന്നും പറയുകയാണ് ഡോക്ടര്‍ ഷിംന അസീസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഷിംന അസീസ് ഇക്കാര്യം പറഞ്ഞത്.
കുടുംബം പട്ടിണി കിടക്കുന്ന മനുഷ്യര്‍ അധികം താമസിയാതെ തുടര്‍കാഴ്ച ആകാതിരിക്കാന്‍ വേണ്ടിയെങ്കിലും നിയന്ത്രണങ്ങളോടെ, മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചു കടകള്‍ തുറക്കണം. തുറന്നിട്ട കടകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന കണക്ക് പിഴ ചുമത്താമല്ലോ എന്നും ഡോക്ടര്‍ ഷിംന അസീസ് കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എല്ലാവരും ലോക്ക് ഡൌണ്‍ ആയിരുന്ന സമയത്തും ജോലിസംബന്ധമായി ഉത്തരമലബാര്‍ മുഴുവനും യാത്ര ചെയ്തു കൊണ്ടേ ഇരുന്ന ആളാണ്. തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയില്‍ പെറ്റമ്മയായ കോഴിക്കോടും പോറ്റമ്മയായ മലപ്പുറവും കടന്നു വരാറുമുണ്ട്. കട അടച്ചിടുന്നതും തുറന്നിടുന്നതും ബിവറെജിനു മുന്നിലെ ക്യൂവും വാക്സിന് എടുക്കാനുള്ള ലഹളയും എല്ലാം റിയല്‍ ടൈമില്‍ കണ്ടിട്ടുണ്ട്.
ഇന്നലെ ജോലിക്കിടെ വളരെ ആകസ്മികമായി കുറച്ചു വ്യാപാരികളുമായി നേരിട്ട് ഒരു യോഗത്തില്‍ പങ്കെടുക്കേണ്ടി വന്നു. എല്ലാ രീതിയിലും സര്‍ക്കാരിനോട് സഹകരിച്ചു മാനദണ്ഡങ്ങള്‍ പാലിച്ചു കടകള്‍ തുറക്കാന്‍ തയ്യാറായ കുറെ മനുഷ്യരുടെ മൂര്‍ധാവില്‍ ഇപ്പോഴും അടച്ചിടലും പിഴയും ശിക്ഷകളും. ആഴ്ചയില്‍ പല ദിവസങ്ങളിലായി തുറക്കുന്ന കടകള്‍ തേടി ജനങ്ങള്‍ പുറത്തിറങ്ങുന്നതും പല ദിവസങ്ങളിലാണ്.
ഇവിടെയുള്ള വ്യാപാരികളില്‍ പെരിഷബിള്‍ ഗുഡ്സ് വില്ക്കുന്നവര് ഉണ്ട്. അവര്‍ വാങ്ങി വെച്ച സാധനങ്ങള്‍ കേടായിക്കൊണ്ടിരിക്കുന്നു. സാധനങ്ങള്‍ വിറ്റു ജീവിച്ചിരുന്നവര്‍ വീടും പറമ്പും വില്‍ക്കേണ്ട ഗതിയിലാണ് പലയിടത്തും. സാമ്പത്തികനഷ്ടം ഇനി വേറെ പലതുമായി പരിണമിക്കും. ഇനിയിപ്പോ നാലഞ്ചു വ്യാപാരികള്‍ ആത്മഹത്യ ചെയ്താലേ നമ്മുടെ പൗരബോധം ഉണരൂ എന്നാണെങ്കില്‍ അതും നടന്നു കഴിഞ്ഞതാണ്.
ഇനിയും എത്ര പേര് ? അനാവശ്യ ആള്‍ക്കൂട്ടങ്ങള്‍ വേണ്ടെന്നതില്‍ മറിച്ച് ഒരഭിപ്രായം ഇല്ലേയില്ല. സാമൂഹിക അകലം പാലിക്കാതെ കോവിഡിനെ തുരത്താന്‍ പറ്റില്ല എന്നത് വസ്തുത തന്നെയാണ്, അതിന് കാലാകാലം അടച്ചിടലല്ല മാര്‍ഗ്ഗം. തുറന്നിട്ട കടകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെങ്കില്‍ ഇപ്പോള്‍ ചെയ്യുന്ന കണക്ക് പിഴ ചുമത്താമല്ലോ. നിയന്ത്രണങ്ങളോടെ, മുന്‍കരുതലുകള്‍ പൂര്‍ണമായും പാലിച്ചു കടകള്‍ തുറക്കണം, കുടുംബം പട്ടിണി കിടക്കുന്ന മനുഷ്യര്‍ അധികം താമസിയാതെ തുടര്‍കാഴ്ച ആകാതിരിക്കാന്‍ വേണ്ടിയെങ്കിലും…
Dr.Shimna Azeez