വടകര: ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആ ഭാഗ്യവാനെ തിരിച്ചറിഞ്ഞു. കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പര്‍ സമ്മാനമായ 10 കോടി രൂപയ്ക്ക് അര്‍ഹനായത് കോഴിക്കോട് വടകരയിലെ നിര്‍മ്മാണ തൊഴിലാളിയായ തിരുവള്ളൂര്‍ തറോപ്പൊയില്‍ ഷിജുവാണ്.
നറുക്കെടുപ്പിന്റെ തലേന്നാണ് ഷിജു ടിക്കറ്റെടുത്തത്. വടകരയിലെ ബി.കെ ഏജന്‍സീസിന്റെ ടിക്കറ്റുകള്‍ തിരുവള്ളൂരില്‍ വില്പന നടത്തുന്ന രാജനില്‍ നിന്നാണ് ടിക്കറ്റെടുത്തത്. ബമ്പറടിച്ചത് തിരുവള്ളൂരില്‍ വിറ്റ ടിക്കറ്റിനാണെന്ന് അറിഞ്ഞെങ്കിലും നാലു ദിവസം കഴിഞ്ഞ് ഇന്നലെയാണ് ടിക്കറ്റ് (എല്‍ ബി 430240) 39കാരനായ ഷിജുവിന്റേതാണെന്ന് സ്ഥിരീകരിച്ചത്.
ടിക്കറ്റ് നോക്കാന്‍ വൈകിപ്പോയെന്ന് ഷിജു പറഞ്ഞു. ടിക്കറ്റ് കാനറാ ബാങ്ക് ശാഖയില്‍ എല്പിച്ചിട്ടുണ്ട്. തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. വാര്‍പ്പ് പണിയ്ക്കിടെ വീഴ്ച പറ്റി കുറേക്കാലം ചികിത്സയിലായിരുന്നു ഷിജു. മൂന്നു നാലു മാസമായാണ് വീണ്ടും ജോലിയ്ക്ക് പോയിത്തുടങ്ങിയത്.
പരേതനായ തറോപ്പൊയില്‍ ചെറിയ കണ്ണന്റെയും ജാനുവിന്റെയും മകനാണ്. അമ്മയും ഷിജുവും മാത്രമാണ് വീട്ടില്‍. അനുജന് ഷിജിത്ത് ഗള്‍ഫില്‍ നിന്ന് ഈയിടെ നാട്ടിലെത്തിയിട്ടുണ്ട്. വിവാഹിതയായ സഹോദരി ഷീജ വീട്ടിനടുത്തു തന്നെയാണ് താമസം.