തിരുവനന്തപുരം: പഠിച്ച് ആരാവണമെന്നാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോള്‍, സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ അഭിജിത്ത് പറയും എനിക്ക് പോലീസാവണമെന്ന്. അഭിജിത്തിന്റെ പോലീസ് മോഹം മാധ്യമങ്ങള്‍ വഴി അടുത്ത ദിവസങ്ങളിലാണ് നാടറിഞ്ഞത്.
പോലീസ് ആകണമെന്ന പതിനൊന്നുകാരന്റെ ആഗ്രഹത്തിന് ഒപ്പം ചേര്‍ന്നിരിക്കുകയാണ് കേരളാ പോലീസ്. മീന്‍ വില്‍പ്പനയില്‍ അമ്മൂമ്മയെ സഹായിക്കുന്ന അഭിജിത്തിന്റെ ആഗ്രഹം കേട്ടറിഞ്ഞ് കഠിനാധ്വാനം ചെയ്യുന്ന ഈ കുരുന്നിനെ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി അനുമോദിച്ചു.
നന്നായി പഠിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച സംസ്ഥാന പോലീസ് മേധാവി കുട്ടിക്ക് പോലീസിന്റെ വകയായി ഒരു ലാപ്ടോപ്പ് സമ്മാനിച്ചു. പോലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പോലീസ് ആസ്ഥാനത്തെത്തിയത്. പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിജിത്. തിരുവല്ലം പുഞ്ചക്കരി തമ്പുരാന്‍മുക്ക് സ്വദേശി സുധാദേവിയുടെ ചെറുമകനാണ് അഭിജിത്. ചെറുപ്പത്തിലെതന്നെ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഭിജിത്തിനെയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സഹോദരിയെയും പോറ്റുന്നത് സുധാദേവിയാണ്.
പുലര്‍ച്ചെ നാലുമണിക്ക് മീന്‍ കച്ചവടത്തിനിറങ്ങുന്ന അമ്മൂമ്മയെ തന്നാലാവും വിധം സഹായിക്കുകയാണ് അഭിജിത്. വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും.