കൊച്ചി: കൈക്കുഞ്ഞുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്നപ്പോഴും പ്രതിസന്ധികളോട് പോരാടി സബ് ഇന്‍സ്പെക്ടര്‍ പദവിയിലെത്തിയ ആനി ശിവയെ പ്രശംസിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആനി ശിവക്കെതിരെ അധിക്ഷേപ വാക്കുകളുമായി എത്തിയ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പോലീസില്‍ പരാതി നല്കി.
ഹൈക്കോടതി അഭിഭാഷകന് അഡോഫിന്‍ മാമച്ചനാണ് സംഗീത ലക്ഷ്മണിനെതിരെ പരാതി നല്‍കിയത്. സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഫേസ്ബുക്ക് പ്രൈഫലിന്റെ യുആര്‍എല്‍ സഹിതമാണ് പരാതി അയച്ചത്.
മുന്‍ ഐജി കെ ലക്ഷ്മണയുടെ മകളാണ് ഹൈക്കോടതി അഭിഭാഷക സംഗീത. എറണാകുളം സെന്‍ട്രല്‍ പോലീസ് എസ്ഐ ആനി ശിവക്കെതിരായ ഫേസ്ബുക്ക് പോസ്റ്റിലാണ് സംഗീത ലക്ഷ്മണക്കെതിരെ പരാതി. ഇതിനോടകം നിരവധി പേര് സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ രംഗത്തുവന്നിട്ടുണ്ടെന്നും പോലീസ് സേനയിലെ ഒരാളെ അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടും പോലീസ് ചെറുവിരല്‍ അനക്കിയില്ലെന്നും പരാതിയില്‍ പറയുന്നു.
ഇതിനോടകം നിരവധി പേര് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ വകുപ്പില്ലെന്നാണ് പോലീസ് അറിയിച്ചത്. ”വീട്ടുകാരെ ചതിച്ച് കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവള്‍, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആണ്‍വേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവള്‍”, എന്നിങ്ങനെയാണ് സംഗീത ലക്ഷ്മണയുടെ അധിക്ഷേപം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റ്.