കാസര്‍കോട്: മുന്തിയ ഇനം കഞ്ചാവുമായി യുവാവും മെഡിക്കല്‍ വിദ്യാര്‍ഥിനിയും പിടിയില്‍. കാസര്‍കോട് സ്വദേശിയായ യുവാവും തമിഴ്നാട് സ്വദേശിയായ യുവതിയുമാണ് പിടിയിലായത്. ഹെഡ്രോ വീഡ് ഇനത്തില്‍പ്പെട്ട കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
മംഗല്‍പ്പാടി സ്വദേശിയായ അജ്മല്‍ തൊട്ടയും നാഗര്‍കോവില്‍ സ്വദേശിനിയായ മിനു രശ്മി മുരുഗന് രജിതയുമാണ് മംഗളൂരു പൊലീസിന്റെ പിടിയിലായത്. മുഖ്യപ്രതിയായ മറ്റൊരു കാസര്‍കോട് സ്വദേശിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി. ഇതില്‍ മിനു എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ്.
മുന്തിയ ഇനം കഞ്ചാവായ ഹൈഡ്രോ വീഡ് ഒരുകിലോ 200 ഗ്രാമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. സാധാരണ കഞ്ചാവിന്റെ പതിന്മടങ്ങ് വിലയാണ് ഹൈഡ്രോ വീഡ് വിഭാഗത്തിലെ കഞ്ചാവിനെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു, ഉള്ളാള്‍, ദര്‍ലക്കട്ട, ഉപ്പള, കൊണാജെ, കാസര്‍കോട് മേഖലകളില്‍ കഞ്ചാവ് വിതരണം ചെയ്യുന്നവരാണിവര്‍.
വിദേശത്തു ഡോക്ടറായ കാസര്‍കോട് സ്വദേശി നദീര്‍ എന്നയാളാണു മുഖ്യപ്രതി. ഇയാള്‍ ഒളിവിലാണെന്നു പൊലീസ് വ്യക്തമാക്കി. ആറുമാസത്തിനിടെ ഡിസിപി ഹരിറാം ശങ്കറിന്റെ നേതൃത്വത്തില്‍ ഒന്നരക്കോടി രൂപയുടെ കഞ്ചാവ് മംഗളൂരുവില്‍ മാത്രം പിടിച്ചെടുത്തിട്ടുണ്ട്.