കൊട്ടാരക്കര: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന രണ്ടര വയസുകാരി പാമ്പ് കടിയേറ്റു മരിച്ചു. കൊട്ടാരക്കര പള്ളിക്കല്‍ റാണി ഭവനത്തില്‍ രതീഷിന്റെയും ആര്‍ച്ചയുടെയും മകള്‍ നീലാംബരിയാണ് ദാരുണമായി മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീടിന്റെ ചവിട്ടുപടിക്കു മുന്നില്‍ കളിച്ചു നില്‍ക്കുകയായിരുന്നു കുട്ടി.
മുത്തച്ഛന് ശ്രീജയനും ഈ സമയം കുട്ടിയുടെ സമീപത്ത് ഉണ്ടായിരുന്നു. ഇതിനിടെയാണ് നീലാംബരിക്ക് പാമ്പ് കടിയേറ്റത്. മതിലിനോടു ചേര്‍ന്ന ദ്വാരത്തിലേക്കു പാമ്പ് കയറുന്നത് വീട്ടുകാര്‍ കണ്ടു. കുട്ടിയുടെ കാലില്‍ കടിയേറ്റ പാട് കണ്ടതോടെ ഉടന്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു.
പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം അവിടെ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. റസ്റ്ററന്റ് ജീവനക്കാരനാണ് പിതാവ് രതീഷ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടന്നു.