കൊല്ലം: കൊല്ലം ശാസ്താംകോട്ട സ്വദേശിനി വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. വിസ്മയയെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന് സമ്മതിച്ചിരിക്കുകയാണ് പ്രതി കിരണ്‍ കുമാര്‍. അതേസമയം, ഭാര്യയുടേത് തൂങ്ങി മരണമാണെന്ന് ആവര്‍ത്തിക്കുകയാണ് പ്രതി.
കിരണിനെ മരണം നടന്ന വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. മരണ ദിവസം താന്‍ ഭാര്യയെ മര്‍ദിച്ചിട്ടില്ലെന്നും വിസ്മയയുടെ മൂന്ന് ഫോണുകള്‍ തല്ലി തകര്‍ത്തുവെന്നും കിരണ്‍ പറഞ്ഞു. എന്നാല്‍ ഏറെ നേരം ഭാര്യ വിസ്മയയെ കാണാതിരുന്നിട്ടും അന്വേഷിക്കാത്തത് എന്തെന്നതിനും ടൗവ്വലുമായി പെണ്‍കുട്ടി പോയത് കണ്ടോ എന്ന ചോദ്യത്തിനും കിരണ്‍ മറുപടി നല്‍കിയില്ല.
കാറിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല മര്‍ദ്ദനമെന്നും തന്റെ എതിര്‍പ്പ് അവഗണിച്ച് വിസ്മയ സ്വന്തം കുടുംബത്തോട് അടുപ്പം കാണിച്ചതില്‍ കടുത്ത അമര്‍ഷമുണ്ടായിരുന്നെന്നും കിരണ്‍ പറഞ്ഞു. അതാണ് പലപ്പോഴും മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നും കിരണ്‍ പറയുന്നു.
അതേസമയം വിസ്മയയുടേത് കൊലപാതകമാണെന്ന സംശയം ഇപ്പോഴും അവശേഷിക്കുകയാണ്. പോലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് നേരിട്ടെത്തി പരിശോധിക്കണമെന്ന ആവശ്യം അന്വേഷണ സംഘത്തിനുണ്ട്. വിസ്മയയെ കൊന്നത് തന്നെയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.