തിരുവല്ല: സ്ത്രീധനത്തിന്റെ പേരിലുള്ള ആത്മഹത്യയും കൊലപാതകവും തുടരുകയാണ്. കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 24കാരി വിസ്മയ ആത്മഹത്യ ചെയ്ത സംഭവമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. സംഭവം ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
അതിനിടെ മേപ്രാലില്‍ വിഷക്കായ കഴിച്ച് യുവതി ജീവനൊടുക്കിയതിന് കാരണം പണം ആവശ്യപ്പെട്ടു ഭര്‍ത്താവും വീട്ടുകാരും നടത്തിയ മാനസിക പീഡനമാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുടുംബം. ഭര്‍ത്താവിന്റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു യുവതി വിഷക്കായ കഴിച്ചത്.
മാര്‍ച്ച് 31നാണ് തിരുവല്ല മേപ്രാല്‍ സ്വദേശിനി സി.എസ്.ശാരിമോള്‍ മരിച്ചത്. ശാരിമോളുടെ ദാമ്പത്യത്തിന്റെ ആയുസ്സ് ഒരു വര്‍ഷവും നാലുമാസവും മാത്രമായിരുന്നു. ശാരിമോളുടെ സ്ഥിര നിക്ഷേപത്തില്‍നിന്ന് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവ് മാനസികമായി സമ്മര്‍ദത്തിലാക്കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.
ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ നഴ്സായിരുന്നു 30 വയസ്സുകാരിയായ ശാരിമോള്‍. 2019 നവംബര്‍ 21ന് ആയിരുന്നു കൈനകരി സ്വദേശിയുമായുള്ള വിവാഹം. പിന്നീട് ശാരിമോള്‍ ബഹ്റൈനിലേക്ക് ജോലിക്കായി പോയി. 2021 മാര്‍ച്ച് 30ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ശാരിമോളുടെ വീട്ടിലെത്തി സംഘര്ഷമുണ്ടാക്കിയതായി പരാതിയുണ്ട്.
വീടിനകത്തെ സാധനങ്ങള്‍ തകര്‍ക്കുകയും സഹോദരനെയും പിതാവിനെയും മര്‍ദിക്കുകയും ചെയ്തതായും ആരോപണമുണ്ട്. സംഘര്‍ഷത്തിനു പിന്നാലെയാണു ശാരിമോള്‍ ഒതളങ്ങ കഴിച്ചത്. ചികിത്സയിലിരിക്കെ 31ന് മരിച്ചു. ഭര്‍ത്താവിന്റെ കുടുംബത്തിന്റെ കടബാധ്യതകള്‍ മറച്ചുവച്ചായിരുന്നു വിവാഹമെന്ന് ഇവര്‍ ആരോപിക്കുന്നു.
സ്വര്‍ണം പണയം വച്ച് പണം എടുക്കാന്‍ ശാരിമോള്‍ തയാറായിട്ടും ഭര്‍ത്താവും വീട്ടുകാരും സമ്മതിച്ചില്ലത്രെ. കടംവാങ്ങിയാണു വിവാഹം നടത്തിയത്. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കടക്കം പരാതി നല്കി. അന്വേഷണം തുടരുന്നതായും ഭര്‍ത്താവിനെ ചോദ്യം ചെയ്തതായും അന്വേഷണ ഉദ്യോഗസ്ഥനായ തിരുവല്ല സിഐ അറിയിച്ചു.