ആലപ്പുഴ: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. ശാസ്താംകോട്ട സ്വദേശിനി വിസ്മയയാണ് മരിച്ചത്. വിസ്മയയുടെ മരണത്തിന് പിന്നില്‍ സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സംഭവത്തില്‍ ഭര്‍ത്താവ് കിരണിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ്മയയുടെ മരണത്തില്‍ പ്രതികിരിച്ച് ഇതിനോടകം നിരവധി പേരാണ് രംഗത്തെത്തിയത്. ആചാരങ്ങളൊന്നും നിയമം കൊണ്ട് മാത്രം ഇല്ലാതാവില്ലെന്നും സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അവസാനിപ്പിച്ചാല്‍ മാത്രമെ ഇത്തരം സമ്പ്രദായം അവസാനിക്കുകയുള്ളൂവെന്നും പറയുകയാണ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മരണപ്പെട്ട വിസ്മയയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടശേഷമായിരുന്നു പ്രതികരണം. ‘പ്രതികള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാവണം. നിയമത്തിന്റെ പഴുതില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. ശക്തമായ നടപടികള്‍ ഉണ്ടാവണം. കാര്യക്ഷമമായ അന്വേഷണം ഉണ്ടാവണം. അവരെ മാതൃകാപരമായി ശിക്ഷിക്കണം.
ആ അച്ഛന് ഒരേ ഒരു കാര്യമാണ് എന്നോട് പറഞ്ഞത്.’ സാറേ നാളെ ഒരച്ഛനും ഈ ഗതിവരരുത്.’ ആ വാക്ക് കേട്ടപ്പോള്‍ മനസ് വേദനിച്ചു. ആര്‍ക്കും ഇങ്ങനെയുണ്ടാവരുത്. ശക്തമായ നടപടികള്‍ ഉണ്ടാവണം. നിയമനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നുണ്ട്. ഒരു കാര്യം മനസിലാക്കേണ്ടത് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിരുത്സാഹപ്പെടുത്തണം. നിയമം കൊണ്ട് മാത്രം ഇത്തരം ആചാരങ്ങള്‍ ഇല്ലാതാവില്ല. സ്ത്രീധനം കൊടുക്കാതിരിക്കുകയും വാങ്ങാതിരിക്കുകയും ചെയ്താല്‍ മാത്രമെ ഈ സമ്പ്രദായം അവസാനിക്കുകയുള്ളൂ.’ രമേശ് ചെന്നിത്തല പറഞ്ഞു.