തിരുവനന്തപുരം: ശാസ്താംകോട്ട സ്വദേശിനി വിസ്മയയുടെ മരണം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരണുമായി 2020 മാര്‍ച്ചിലായിരുന്നു വിസ്മയയുടെ വിവാഹം.
ഭര്‍തൃഗൃഹത്തില്‍ വച്ച് മര്‍ദ്ദനമേറ്റെന്നു കാട്ടി വിസ്മയ ബന്ധുക്കള്‍ക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മര്‍ദ്ദനത്തില്‍ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന്റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കള്‍ക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളില്‍ പറയുന്നത്.
വിസ്മയയുടെ മരണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി ജെ ചിഞ്ചുറാണി. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിച്ചത്തു വരണമെന്നും ചിഞ്ചുറാണി ഫേസ്ബുക്കില്‍ പ്രതികരിച്ചു.
പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും അവര്‍ കുറിച്ചു.
ചിഞ്ചുറാണിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി സഖാവ് ത്രിവിക്രമന്റെ മകള്‍ വിസ്മയയുടെ മരണം സത്യത്തില്‍ ഞെട്ടിപ്പിക്കുന്നതാണ്. ഭര്‍തൃ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് വിസ്മയയെ കാണപ്പെട്ടത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തു വരണം.
ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണം. നമ്മുടെ പെണ്‍കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. വിസ്മയയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു..
വിസ്മയക്ക് ആദരാഞ്ജലികള്‍.