തിരുവനന്തപുരം: ഏഴാംക്ലാസ്സുകാരി വിസ്മയ ഇന്ന് വിദ്യാര്‍ത്ഥിനി മാത്രമല്ല, ഒരു കുഞ്ഞ് അധ്യാപിക കൂടിയാണ്. പഠിക്കുന്നതിനൊപ്പം വേള്‍ഡ് ഓഫ് സയന്‍സ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മറ്റുള്ള കുട്ടികള്‍ക്കായി അധ്യാപനം നടത്തുന്ന തിരക്കിലാണ് ഇന്ന് വിസ്മയ.
വെള്ളായണി കാര്‍ഷിക കോളേജിന് സമീപം തിരുവോണത്തില്‍ പ്രദീപ് കുമാര്‍-ദീപ്തി ദമ്പതികളുടെ മകളാണ് വിസ്മയ. സമപ്രായാക്കാര് ടീച്ചറും കുട്ടിയും കളിക്കുന്ന പ്രായത്തില്‍ സഹപാഠികളുടെയും സമപ്രായക്കാരുടെയും അധ്യാപികയായി അവര്‍ക്ക് മാതൃക കൂടിയാവുകയാണ് ഈ പന്ത്രണ്ട് വയസുകാരി.
താന്‍ പഠിച്ചു കഴുഞ്ഞ അധ്യായങ്ങള്‍ തുടര്‍ന്ന് ക്ലാസ് രൂപത്തില്‍ വീഡിയോ എടുത്ത് യൂട്യൂബില്‍ ഇടുകയാണ് വിസ്മയ ചെയ്യുന്നത്. ഇതില്‍ പലതും സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസില്‍ പഠിപ്പിച്ചു തുടങ്ങാത്ത പാഠങ്ങളാണ്. വിസ്മയക്ക് പൂര്‍ണ പിന്തുണയുമായി അധ്യാപകരും മാതാപിതാക്കളും ഒപ്പമുണ്ട്.
പണ്ട് മുതല്ക്കേ സ്കൂള്‍ വിട്ട് വന്നാല്‍ അന്ന് പഠിച്ച കാര്യങ്ങള്‍ അമ്മ ദീപ്തിയെ വിദ്യാര്‍ത്ഥി ആക്കി ഇരുത്തി വിസ്മയ അധ്യാപികയുടെ വേഷം അണിഞ്ഞ് പഠിപ്പിക്കുമായിരുന്നു. പാഠപുസ്തകം ലഭിക്കാത്തവര്‍ക്ക് പാഠഭാഗങ്ങള്‍ പഠിപ്പിച്ചു കൊടുക്കാന്‍ യൂട്യൂബ് ചാനല്‍ എന്ന തന്റെ ആശയം അമ്മയോട് പങ്കുവെച്ച വിസ്മയക്ക് മാതാപിതാക്കളുടെ പൂര്‍ണ പിന്തുണ ലഭിച്ചു.
തുടര്‍ന്ന് വിസ്മയ തന്നെ സ്വന്തമായി യുട്യൂബ് ചാനല്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ ക്ലാസ് എടുക്കാന്‍ മുറിയില്‍ ബോര്‍ഡും ലൈറ്റുകളും ഉള്‍പ്പടെ സൗകര്യങ്ങളും ഒരുക്കി പിതാവ് പ്രദീപ് മകളുടെ സ്വപ്നങ്ങള്‍ക്ക് താങ്ങായി. ഓരോ ദിവസവും രണ്ടര മണിക്കൂര്‍ പഠിച്ച ശേഷമാണ് അത് വീഡിയോ രൂപത്തില്‍ ക്ലാസ് ആക്കി ചിത്രീകരിക്കുന്നത്.
ട്രൈപോഡിന്റെ സഹായത്തോടെ വിസ്മയ തന്നെയാണ് ക്ലാസിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത്. ശേഷമുള്ള എഡിറ്റിംഗും വീഡിയോ അപ്ലോഡ് ചെയ്യുന്നതും എല്ലാം വിസ്മയ സ്വയം തന്നെയാണ്. നിലവില്‍ ബയോളജി വിഷയത്തിലാണ് ക്ലാസുകള്‍ എടുക്കുന്നത്.
സിബിഎസ്ഈ സിലബസ് പ്രകാരമാണ് വിസ്മയ ക്ലാസുകള്‍ എടുക്കുന്നത്. ഇംഗ്ലീഷില്‍ വളരെ രസകരമായാണ് വിസ്മയ ഓരോ പാഠങ്ങളും അവതരിപ്പിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിലുള്ള ക്ലാസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് വിസ്മയ പറയുന്നു.
തിങ്കള്‍ വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വീഡിയോ യൂട്യൂബില്‍ ഇടുന്നത്. പഠിച്ച് ഡോക്ടര്‍ ആകാനാണ് വിസ്മയുടെ ആഗ്രഹം. ഡോക്ടര്‍ ആയി അധ്യാപന മേഖല തിരഞ്ഞെടുക്കാന്‍ ആണ് ആഗ്രഹം എന്നാണ് വിസ്മയ പറയുന്നത്. തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വിസ്മയ. വിദ്യാര്‍ത്ഥി പ്രണവ് പി നായര്‍ സഹോദരനാണ്.