ഏറ്റുമാനൂര്‍: പൊട്ടിവീണ വൈദ്യുതക്കമ്പിയില്‍ നിന്ന് ഷോക്കേറ്റത് അഞ്ചു പേര്‍ക്ക്. അപകടത്തില്‍ സാരമായി പരിക്കേറ്റ മൂന്നു പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമാനൂര്‍ കുതിരവട്ടം ഭാഗം തച്ചകുന്നേല്‍ കരോട്ട് ടി.എന്‍. സുധീര്‍ (45), മക്കളായ സിദ്ധാര്‍ഥ് (18), ആദിത്ത് (15) എന്നിവരെയാണു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
ഇന്നലെ വൈകിട്ട് 7.30നു കുതിരവട്ടം റോഡിലാണു അപകടം നടന്നത്. ഏറ്റുമാനൂര്‍ മത്സ്യമാര്‍ക്കറ്റിലെ ജീവനക്കാരനായ സുധീര്‍ ജോലി കഴിഞ്ഞു വീടിനു സമീപമുള്ള ഷെഡില്‍ എത്തി ബൈക്ക് പാര്‍ക്ക് ചെയ്യുന്ന സമയത്താണു പൊട്ടിവീണ വൈദ്യുത കമ്പിയില്‍ നിന്നു ഷോക്കേറ്റത്. റോഡിലേക്കു തെറിച്ചു വീണ സുധീറിന്റെ കരച്ചില് കേട്ട് ഓടിയെത്തിയ സിദ്ധാര്‍ഥിനും ആദിത്തിനും, ഇളയ മകന് അര്‍ജുനും ഷോക്കേല്‍ക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ സുധീറിന്റെ സഹോദരിയുടെ മകന് രഞ്ജിത്തും ഷോക്കേറ്റ് തെറിച്ചു വീണു. രഞ്ജിത്തിന്റെയും സുധീറിന്റെ ഭാര്യ സീമയുടെയും നിലവിളി കേട്ട് സുധീറിന്റെ സഹോദരി സുജാതാ ശിവദാസനും മകന് രാഗേഷും ഓടിയെത്തി. സുധീറിന്റെയും സിദ്ധാര്ഥിന്റെയും ദേഹത്ത് വൈദ്യുത കമ്പി ചുറ്റിക്കിടക്കുന്ന നിലയിലായിരുന്നു. ഇവരെ രക്ഷിക്കുന്നതിനു ഉണങ്ങിയ വടി എടുത്ത് സുധീറിനെ അടിച്ചു. ഈ സമയം സുധീറിന്റെ ദേഹത്തു നിന്നു വൈദ്യുത കമ്പി തെറിച്ചു വീണ്ടും രഞ്ജിത്തിന്റെ കൈയില്‍ വീണു.
ഷോക്കേറ്റ രഞ്ജിത്ത് വീണ്ടും തെറിച്ചു വീണു. സിദ്ധാര്‍ഥിന്റെ ദേഹത്ത് ചുറ്റിക്കിടന്ന കമ്പി ഉണങ്ങിയ കമ്പ് ഉപയോഗിച്ചു സുജാത മാറ്റുകയായിരുന്നു. ഈ സമയം സിദ്ധാര്‍ഥിന്റെ ബോധം നഷ്ടപ്പെട്ടിരുന്നു. കെഎസ്ഇബി ഉദ്യോഗസ്ഥരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ ബിസി ആയിരുന്നെന്ന് ഇവര്‍ പറയുന്നു. ഉടന്‍ ഏറ്റുമാനൂര്‍ പൊലീസിനെ സുജാത വിവരം അറിയിക്കുകയായിരുന്നു.