കൊച്ചി: മാതാപിതാക്കള്‍ക്ക് കോവിഡ് ബാധിച്ചതോടെ ആറുമാസം പ്രായമായ എല്‍വിനെ നെഞ്ചോടുചേര്‍ത്ത് പരിപാലിച്ചത് അവന്റെ ആരോരുമല്ലാത്ത മേരിയമ്മയായിരുന്നു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നരവയസ്സുള്ള ഉണ്ണിയെന്ന കുട്ടായിയെന്ന എല്‍വിനെ കാണാന്‍ ചോക്ലറ്റ് കേക്കുമായി എത്തിയിരിക്കുകയാണ് ഇന്ന് അവന് പ്രിയപ്പെട്ടവളായി മാറിയ മേരി അനിത.
പെരുമ്പാവൂരിനടുത്ത് കുറുപ്പംപടി പ്രളയക്കാടുള്ള വീട്ടില്‍ എല്‍വിനെ കാണാന്‍ ചൊവ്വാഴ്ചയാണ് സാമൂഹികപ്രവര്‍ത്തക ഡോ.മേരി അനിത എത്തിയത്. കോവിഡ് ബാധിതരായ നഴ്സ് ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകനെ ഒരു മാസത്തോളം സ്വന്തം കുഞ്ഞിനെയെന്ന പോല്‍ പരിചരിച്ച മേരി അനിതയുടെ കരുതലിനെ മാധ്യമങ്ങള്‍ പുകഴ്ത്തിയിരുന്നു.
ഹരിയാനയില്‍ നഴ്സായ പെരുമ്പാവൂര്‍ സ്വദേശി എല്‍ദോസിന്റെയും ഷീനയുടെയും മകന് എല്‍വിനെ ബന്ധുക്കള്‍ക്കൊന്നും പരിപാലിക്കാനാവാത്ത സാഹചര്യത്തില്‍ ധൈര്യസമേതം സാമൂഹികപ്രവര്‍ത്തക ഡോ.മേരി അനിത ഏറ്റെടുത്തതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു ചൊവ്വാഴ്ച.
പോറ്റമ്മയായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തെന്റ ഉണ്ണിക്കുട്ടന് സ്വന്തമായുണ്ടാക്കിയ ചോക്ലറ്റ് കേക്കുമായാണ് മേരി അനിതയെത്തിയത്. 2020 ജൂണ്‍ 15നാണ് എറണാകുളം ഗവ.മെഡിക്കല്‍ കോളജില്‍വെച്ച് ഒരു ഡയപര്‍ മാത്രമിട്ട, കുറുമ്പിന്റെ കരച്ചിലോടെ കുട്ടായി മേരിയുടെ കൈകളിലെത്തിയത്.
ആദ്യം ഇണക്കിയെടുക്കാന്‍ പാടുപെട്ടെങ്കിലും ഉണ്ണീ എന്ന വിളിയിലൂടെ തുടങ്ങിയ അടുപ്പം അവരെ പിരിയാനാവാത്ത കൂട്ടുകാരാക്കി. മാതാപിതാക്കള്‍ രോഗമുക്തരായി ക്വാറന്റീന് കഴിയുംവരെ അവര്‍ വളര്‍ത്തമ്മയും കുഞ്ഞുമായി. ജൂലൈ 15ന് വികാരതീവ്രമായ നിമിഷങ്ങള്‍ക്കൊടുവിലാണ് ഉണ്ണിയും മേരിയമ്മയും പിരിഞ്ഞത്.
മേരി അനിതയെ ഉള്ളുനിറയെ സ്നേഹത്തോടെയാണ് ഉണ്ണി വരവേറ്റത്. പല്ലുതേക്കുന്നതും സൈക്കിള്‍ ഓടിക്കുന്നതുമെല്ലാം അവന് മേരിയമ്മയെ കണ്‍നിറയെ കാണിച്ചുകൊടുത്തു. ഹൈകോടതി അഭിഭാഷകനായ ഭര്‍ത്താവ് അഡ്വ.സാബു തൊഴൂപ്പാടന്‍, ഇളയമകള്‍ മൗഷ്മി എന്നിവരും മേരി അനിതക്കൊപ്പമുണ്ടായിരുന്നു.