അടൂര്‍: സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഏഴാംക്ലാസ്സുകാരി മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അധികം വൈകാതെ തന്നെ കത്തയച്ച ഏഴാംക്ലാസ്സുകാരി അനറ്റിനെ തേടി മന്ത്രിയുടെ മറുപടിയെത്തി, സ്നാക്സ് പാക്കറ്റ് ഉണ്ടാവുമെന്ന ഒരു ഉറപ്പായിരുന്നു ഭക്ഷ്യ മന്ത്രി ജി.ആര്.അനില്‍ കുഞ്ഞ് അനറ്റിന് നല്‍കിയത്.
അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയാണ് അനറ്റ്. പെരിങ്ങനാട് പാറക്കൂട്ടം ചെറിയാച്ചന് തോമസ് – ഷൈനി ചെറിയാന് ദമ്പതികളുടെ ഇളയ മകളായ അനറ്റ് വീട്ടുകാര്‍ അറിയാതെയാണ് കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കത്തയച്ചത്.
കേരളം കണ്ട നല്ല മുഖ്യമന്ത്രിമാരില്‍ ഒരാളാണ് പിണറായി വിജയന് സാറെന്ന് വിശേഷിപ്പിച്ചാണ് കത്ത് തുടങ്ങിയത്. തുടര്‍ന്ന് സ്കൂളുകള്‍ വഴി വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന കിറ്റില്‍ സ്നാക്സ് പായ്ക്കറ്റ് കൂടി ഉള്‍പ്പെടുത്തണമെന്ന് അനറ്റ് ആവശ്യപ്പെട്ടു. ഈ കത്ത് മുഖ്യമന്ത്രി ഭക്ഷ്യമന്ത്രിക്കു കൈമാറി.
തുടര്‍ന്ന് മന്ത്രി ബന്ധപ്പെട്ട സപ്ലൈകോ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം കിറ്റ് നല്കുന്നുണ്ടെങ്കില് ബിസ്ക്കറ്റോ മറ്റേതെങ്കിലും സ്നാക്സ് പായ്ക്കറ്റോ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഭക്ഷ്യ മന്ത്രി ജി.ആര്.അനില്‍ കഴിഞ്ഞ ദിവസം അനറ്റിനെ വിഡിയോ കോള്‍ വഴി അറിയിച്ചു.
ഇക്കാര്യം പറയാന്‍ മന്ത്രി നേരിട്ടു വിളിച്ചപ്പോള്‍ അനറ്റ് ആദ്യം ഞെട്ടി. പിന്നെ ഫോണ്‍ അമ്മ ഷൈനി ചെറിയാനു കൈമാറി. വീണ്ടും ഫോണ്‍ അനറ്റിനു നല്കിയപ്പോള് ഈ വിവരം സ്കൂളില്‍ എല്ലാവരോടും കൂട്ടുകാരെയുമൊക്കെ അറിയിക്കണമെന്നും പറഞ്ഞ ശേഷണ് മന്ത്രി ഫോണ്‍ വച്ചത്.