കോന്നി: നിര്‍മാണത്തിലിരുന്ന വീടിന്റെ മേല്‍ക്കൂര ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. മങ്ങാരം മരങ്ങാട് പുതുപ്പറമ്പില്‍ ഗോപാലകൃഷ്ണന്റെ മകന് അരുണ്‍ കൃഷ്ണന് (സുനില്‍ ) ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം.
ആര്‍ടി ഓഫിസിനു സമീപം ജിന്‍സി വില്ല ജോസിന്റെ വീടിന്റെ മേല്‍ക്കൂരയാണ് ഇടിഞ്ഞു വീണത്. രണ്ടാമത്തെ നിലയുടെ മേല്‍ക്കൂരയുടെ തട്ട് മാറ്റി ഇരുമ്പ് ഷീറ്റ് ഇളക്കുന്നതിനിടെ വാര്‍പ്പ് ഇടിഞ്ഞ് താഴേക്ക് അമര്‍ന്നു. കൂരയുടെ ആകൃതിയിലുള്ള ഭാഗത്തെ വിടവില്‍ ഭിത്തിയില്‍ രണ്ടു വശത്തുമായി സുനില്‍ കാലിട്ട് ഇരുന്ന് ഷീറ്റ് ഇളക്കുകയായിരുന്നു.
താഴേക്ക് അമര്‍ന്ന വാര്‍പ്പിനും ഭിത്തിക്കും ഇടയില്‍പെട്ട് ഞെരുങ്ങിയാണ് മരണം. ഈ സമയം സുനിലിന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളി പുറത്തേക്ക് ഓടിയിറങ്ങി. താഴത്തെ നിലയില്‍ ടൈല്‍ പണിയിലേര്‍പ്പെട്ടിരുന്ന തൊഴിലാളികളും വലിയ ശബ്ദം കേട്ട് ഓടി മാറി.
തുടര്‍ന്ന് നാട്ടുകാര്‍ എത്തി പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. രണ്ടരയായപ്പോഴേക്കും സേനയും പൊലീസും എത്തി മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.തട്ട് താങ്ങി നിര്‍ത്തുന്ന തൂണുകള്‍ എത്തിച്ച് വാര്‍പ്പില്‍ ഉറപ്പിച്ച ശേഷം മെഷീന് ഉപയോഗിച്ച് കട്ട ഇളക്കിമാറ്റി രണ്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹം എടുത്തത്.