കോട്ടയം: വേമ്പനാട്ടുകായലിന്റെ കാവലാള്‍ എന്‍എസ് രാജപ്പനെ തേടി തായ്വാനില്നിന്ന് പുരസ്കാരം. സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനലിന്റെ ഷൈനിങ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡാണ് ആര്‍പ്പൂക്കര പഞ്ചായത്തിലെ മഞ്ചാടിക്കരി നിവാസിയായ രാജപ്പനെ തേടിയെത്തിയത്. 10,000 യു.എസ് ഡോളറും (7,30,081 രൂപ) പ്രശംസപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.
അരയ്ക്ക് താഴേയ്ക്ക് തളര്‍ന്നിട്ടും വള്ളവുമായി കായലിലെ പ്ലാസ്റ്റിക് കുപ്പികളും മറ്റും ശേഖരിക്കാന്‍ ഇറങ്ങുന്ന രാജപ്പനെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ച ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശിയായ കെ.എസ്. നന്ദുവിനാണ് സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷനല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രതിനിധിയുടെ ഇതുസംബന്ധിച്ച സന്ദേശവും പുരസ്കാരവും ലഭിച്ചത്.
നന്ദു വീട്ടിലെത്തി പുരസ്കാരം രാജപ്പന് കൈമാറി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍, 2021 ജനുവരി 31ന് വേമ്പനാട്ടുകായലില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികള്‍ നീക്കുന്ന എന്‍എസ്. രാജപ്പനെ അഭിനന്ദിച്ചിരുന്നു. വലിയ പരിസ്ഥിതി പ്രവര്‍ത്തനമാണ് രാജപ്പന് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി മന്‍കി ബാത്തില്‍ പ്രശംസിച്ചു.
പക്ഷാഘാതം ബാധിച്ചതുകാരണം നടക്കാന്‍ കഴിയാത്ത രാജപ്പന് തോണിയില്‍ സഞ്ചരിച്ച്, മീനച്ചിലാറിലേക്കും വേമ്പനാട്ടുകായലിലേക്കും വലിച്ചെറിയുന്ന കുപ്പിയും മറ്റും പെറുക്കിവിറ്റ് ജീവിതം കണ്ടെത്തുകയായിരുന്നു. പ്രതികൂലസാഹചര്യങ്ങളെ അവഗണിച്ചുള്ള രാജപ്പന്റെ സേവനം മാതൃകയാണെന്നും പുഴകള്‍ സംരക്ഷിക്കപ്പെടുന്നതിലൂടെ ഭൂമിയെത്തന്നെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നും തായ്വാന് പ്രശംസാപത്രത്തില്‍ പറയുന്നുണ്ട്.