മടക്കര: വിവാഹത്തിന് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ പെയിന്റിങ് ജോലി ചെയ്യുന്നതിനിടയില്‍ തെന്നി വീണ് പരിക്കേറ്റ യുവാവ് മരിച്ചു. മടക്കര സ്വദേശി സി. ഷബിന് ആണ് മരിച്ചത്. മുപ്പത് വയസ്സായിരുന്നു. ഷബിനൊപ്പം തെന്നി വീണ് മറ്റൊരു പെയിന്റിങ് തൊഴിലാളി വിനീഷിനും പരിക്കേറ്റിരുന്നു.
വിനീഷ് ചെറുകുന്ന് മിഷന് ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഇരിണാവ് മടക്കര ജുമുഅത്ത് പള്ളിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഇരുനില വീടിന്റെ പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
പരിക്കേറ്റ ഷബിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടാഴ്ചക്കുശേഷം ഷബിന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണാന്ത്യമുണ്ടായത്. മികച്ച ഫുട്ബാള്‍ കളിക്കാരന് കൂടിയായ ഷബിന് മടക്കര സ്പോര്‍ട്സ് ക്ലബിന്റെ ഗോളിയായിരുന്നു.
മടക്കര ശാദുലി പള്ളിക്ക് സമീപത്തെ അബ്ദുല്‍ സലാമിന്റെയും സി. ജമീലയുടെയും മകനാണ് ഷബിന്. സഹോദരങ്ങള്‍: സജില, ഷഹനാസ്, ഷാനിബ.