വെള്ളിമാട്കുന്ന്: ഏറെ പ്രതീക്ഷകളോടെയാണ് ചെറുവറ്റ ഓച്ചേരി പാറച്ചോടന്‍ മുഹമ്മദും ഭാര്യ ഷക്കീലയും തങ്ങളുടെ മൂന്ന് ആണ്മക്കളെയും ഓമനിച്ചു വളര്‍ത്തിയത്. എന്നാല്‍ മൂന്നു പേരും മരണത്തിനു കീഴടങ്ങിയതോടെ റിട്ട.പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദിനും ഷക്കീലക്കും ഉപ്പയെന്നും ഉമ്മയെന്നുമുള്ള വിളി ഇനി അന്യം.
യുവാക്കളായ മൂന്ന് ആണ്‍കുട്ടികളെയാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ കുടുംബത്തിന് നഷ്ടമായത്. മുഹമ്മദിന്റെ മൂന്നു മക്കളില്‍ ഇളയവനായ ഷാഹിദ്(ബാവാണി) രണ്ടു വര്‍ഷം മുമ്പ് ചെറുവറ്റയില്‍ ഉണ്ടായ ബൈക്ക് അപടകടത്തില്‍ മരിച്ചതോടെയാണ് കുടുംബം തീരാക്കണ്ണീരിലേക്ക് ആഴ്ന്നു തുടങ്ങിയത്.
അശ്രദ്ധമായി എത്തിയ കാര്‍ ഷാഹിദ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് ഒരാഴ്ച മുമ്പായിരുന്നു അപകടം. വേര്‍പാടിന്റെ വേദനയില്‍നിന്ന് ഒരുവിധം കരകയറി വരുന്നതിനിടെയായിരുന്നു രണ്ടാമത്തെ മകന് ഷാജിദ് മൂന്നാഴ്ച മുമ്പ് നോമ്പുകാലത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
വെള്ളിമാട്കുന്നില്‍ കാഞ്ഞിരത്തിങ്ങല്‍ മെഡിക്കല്‍സ് ഉടമയായിരുന്നു. മൂത്തമകന് ഷാഹിദ് കോവിഡ് ബാധിച്ച് രണ്ടാഴ്ചയിലധികമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഷാഗിര്‍ (47) കൂടി മരിച്ചതോടെ വിറങ്ങലിച്ചിരിക്കുകയാണ് കുടുംബവും നാട്ടുകാരും.
മൂന്നുആണ്മക്കളെയും നഷ്ടമായതോടെ ഉറ്റവരെ ആശ്വസിപ്പിക്കാനാവാതെ സ്വയം കണ്ണീരൊഴുക്കുകയാണ് കുടുംബാംഗങ്ങള്‍. ഷാഹിദിന്റെ ഓര്‍മയില്‍ തന്റെ മെഡിക്കല്‍ ഷോപ്പിനു ഷാഹിദ് മെഡിക്കല്‍സ് എന്ന പേരും നല്‍കിയിരുന്നു മൂത്ത ജ്യേഷ്ഠനായ ഷാഗിര്‍. ഷാഹിദിനും ഷാജിദിനും ഓരോ ആണ്‍കുട്ടികളാണ്.